സ്മാർട് ഫോൺ വാങ്ങാൻ 9000 രൂപ വേണം; രക്തം വിറ്റു പൈസ ഉണ്ടാക്കാൻ രക്തബാങ്കിലെത്തി; പിന്നീട്

single-img
20 October 2022

കൊല്‍ക്കത്ത: ഒരു സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കുകയെന്നത് മിക്കയാളുകളുടേയും ആഗ്രഹമാണ്. ഫോണ്‍ സ്വന്തമാക്കാന്‍ സ്വന്തം രക്തം വില്‍ക്കാന്‍ ശ്രമിച്ച 16 കാരിയായ വിദ്യാര്‍ഥിനിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

പശ്ചിമ ബംഗാള്‍ ദിനജ് പുരിലെ കാര്‍ഡയിലാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ഥിനിയാണ് കുട്ടി. ഓണ്‍ലൈനിലൂടെയാണ് ഫോണ്‍ വാങ്ങാന്‍ പെണ്‍കുട്ടി ഓര്‍ഡര്‍ നല്‍കിയത്. ഫോണ്‍ വീട്ടില്‍ ഡെലിവറി ചെയ്യുമ്ബോള്‍ 9000 രൂപ വേണം. വീട്ടില്‍ നിന്ന് പണം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് രക്തം വില്‍ക്കാനായി കുട്ടി തീരുമാനിച്ചത്.

ബലൂര്‍ഗഢിലെ ജില്ലാ ആശുപത്രിയിലെ രക്തബാങ്കിലെത്തി 9000 രൂപ തന്നാല്‍ രക്തം നല്‍കാമെന്ന് പെണ്‍കുട്ടി വാഗ്ദാനം ചെയ്തു. രക്തത്തിന് പണം ആവശ്യപ്പെട്ടതില്‍ സംശയം തോന്നിയതോടെ രക്തബാങ്ക് ജീവനക്കാരാണ് പൊലീസിനെയും ചൈല്‍ഡ് ലൈനിനെയും വിവരമറിയിച്ചത്.

തുടര്‍ന്ന് കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് സംഗതി പുറത്തുവന്നത്.9000 രൂപയുടെ ഫോണ്‍ സുഹൃത്ത് വഴി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തതിനെ കുറിച്ചും ഇതിനുള്ള പണം കണ്ടെത്താനായാണ് രക്തം വില്‍ക്കാന്‍ തീരുമാനിച്ചതെന്നും കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു.