ഹോം വര്‍ക്ക് ചെയ്യാതെ വന്നതിലുള്ള പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകവുമായി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി

single-img
3 August 2023

ബിലാസ്പൂര്‍: ഹോം വര്‍ക്ക് ചെയ്യാതെ വന്നതിലുള്ള പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകവുമായി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരിലെ കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മുഖം മൂടിയിട്ട രണ്ട് യുവാക്കള്‍ സമീപിച്ച് എന്തോ വസ്തു മണപ്പിച്ചുവെന്നും. ഇതിനെ പിന്നാലെ മയക്കം വന്നതോടെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നുമാണ് എട്ടാം ക്ലാസുകാരന്‍ വീട്ടുകാരോട് പറഞ്ഞത്.

ബോധം വന്നപ്പോള്‍ ഒരു ട്രാഫിക് സിഗ്നലില്‍ ബൈക്കില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്നും കുട്ടി വീട്ടുകാരെ ധരിപ്പിച്ചത്. ഇതോടെ വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് സിസിടിവി ഫൂട്ടേജുകള് പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ കഥയിലെ തകരാറ് കണ്ടെത്തുന്നത്. വിശദമായി കുട്ടിയോട് സംസാരിച്ചതോടെ ഹോം വര്‍ക്ക് ചെയ്യാത്തതിനുള്ള ശിക്ഷ ഒഴിവാക്കാനായിരുന്നു തട്ടിക്കൊണ്ട് പോകല്‍ കഥയെന്ന് വിദ്യാര്‍ത്ഥി വിശദമാക്കിയത്. കനത്ത മഴമൂലം ഏറെ ദിവസം അടച്ച സ്കൂളുകള്‍ തുറന്നതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് കുട്ടി തട്ടിക്കൊണ്ട് പോകല്‍ കഥ പറഞ്ഞത് മേഖലയില്‍ വലിയ ആശങ്കയ്ക്ക് കാരണം ആയിരുന്നു.

സമാനമായ മറ്റൊരു സംഭവത്തില്‍ കണ്ണൂർ കക്കാട് ഒമ്നി വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പതിനഞ്ചുകാരി പറഞ്ഞത് നുണയാണെന്ന് വ്യക്തമായി. ഇടറോഡിൽ വച്ച് വാഹനത്തിൽ ബലം പ്രയോഗിച്ച് കയറ്റാൻ ശ്രമിച്ചെന്നായിരുന്നു പതിഞ്ചുകാരിയുടെ പരാതി. പൊലീസ് അന്വേഷണത്തിൽ കുട്ടി വെറുതെ പറഞ്ഞതാണെന്ന് വ്യക്തമായി. ഇന്നലെ രാവിലെ കക്കാട് നിന്ന് പളളിക്കുന്നിലേക്കുള്ള ഇടറോഡിലൂടെ സ്കൂളിലേക്ക് പോകുന്നതിനിടെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നു എന്നായിരുന്നു പെണ്‍കുട്ടിയുടെ കഥ. പ്രധാന റോഡിലേക്ക് കയറുന്നതിന് മുമ്പ് ഒരു ഒമ്നി വാൻ തന്‍റെ അടുത്തെത്തി നിർത്തി ബലം പ്രയോഗിച്ച് കയറ്റാൻ ശ്രമിച്ചെന്നായിരുന്നു കുട്ടി പറഞ്ഞത്. പട്ടാപ്പകൽ പ്രധാന നിരത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന വിവരം നാടാകെ പടർന്നു.

പൊലീസ് സ്ഥലത്തെത്തി. സിസിടിവിയിൽ പ്രധാന റോഡിലൂടെ ഒരു ഒമ്നി വാൻ കടന്നുപോകുന്നത് കണ്ടു. എന്നാൽ ഇടറോഡിലേക്ക് കയറുന്ന ദൃശ്യങ്ങൾ കിട്ടിയില്ല. പതിനഞ്ചുകാരിയുടെ മൊഴിയിൽ പൊലീസ് വിശദ പരിശോധന നടത്തി. എന്നാൽ പരാതി സാധൂകരിക്കുന്ന തെളിവൊന്നും പൊലീസിന് കിട്ടിയിട്ടില്ല. പിന്നാലെ സിസിടിവിയിൽ കണ്ട ഒമ്നി വാൻ ഒരു സ്കൂളിലേതാണെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍, ഇടറോഡിലേക്ക് അത് കയറിയിട്ടില്ല. വീണ്ടും മൊഴിയെടുത്തപ്പോൾ വെറുതെ പറഞ്ഞതാണെന്ന് പെൺകുട്ടി സമ്മതിക്കുകയായിരുന്നു.