ലഹരിമരുന്നുമായി കൊച്ചിയിൽ യുവതിയുൾപ്പെടെ 6 പേർ പിടിയിൽ

single-img
18 May 2024

കൊച്ചി നഗരത്തിൽ ഒരു യുവതി ഉൾപ്പെടെ ആറുപേർ ലഹരിമരുന്നുമായി പിടിയിലായി. എളമക്കരയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. കറുകപ്പളളിയിലെ ഒരു ലോ‍ഡ്ജിൽ വരാപ്പുഴ സ്വദേശിനിയായ യുവതിയടക്കം അഞ്ചുപേർ തങ്ങുന്നെന്നായിരുന്നു പൊലീസിന് കിട്ടിയ വിവരം.

പിന്നാലെ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. കൊക്കെയിൻ, മെത്താംഫിറ്റമിൻ , കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്. സ്വന്തം ഉപയോഗത്തിനും വിപണനത്തിനുമായി കൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നത്. വരാപ്പുഴ സ്വദേശിനിയായ അൽക്കാ ബോണിയ്ക്കൊപ്പം തൊടുപുഴ സ്വദേശി ആശിഖ് അൻസാരി, പാലക്കാട് സ്വദേശികളായ സൂരജ്, രഞ്ജിത്ത്, ഷൊർണൂ‍ർ സ്വദേശി മുഹമ്മദ് അസർ, തൃശൂർ സ്വദേശി അബിൽ ലൈജു എന്നിവരാണ് പിടിയിലായത്.

കർണാടകയിലെ ബംഗലൂരുവിൽ നിന്നാണ് ഇവ‍ർ കൊക്കെയിൻ കൊണ്ടുവന്നത്. അറസ്റ്റിലായവരിൽ ചിലർ മുൻപ് സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ലോഡ്ജ് മുറിയിൽ നിന്ന് പിടികൂടുന്ന സമയം പൊലീസിനെ ചെറുക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് പ്രതികൾ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി വ്യക്തമായത്.