മങ്കിപോക്സിനെ ആഗോള പകർച്ച വ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു

single-img
23 July 2022

മങ്കിപോക്സിനെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. 75 രാജ്യങ്ങളിലായി പതിനാറായിരം പേരിൽ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. . മങ്കിപോക്‌സ് വ്യാപനം ആഗോള തലത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നവെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ഡോ. ടെഡ്രോസ് ഗബ്രിയേസൂസ് അഥനോം പറഞ്ഞു. കൊവിഡിന് ശേഷം ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്ന ആദ്യ രോഗമാണ് മങ്കിപോക്സ്.

രോഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ലോകാരോഗ്യസംഘടനയുടെ പ്രത്യേകസമിതി യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. മേയില്‍ രോഗവ്യാപനം സ്ഥിരീകരിച്ചശേഷം ഇത് രണ്ടാംതവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ലോകാരോഗ്യസംഘടന പരിഗണിച്ചത്.

അസാധാരണമായ രോഗപ്പകർച്ച പ്രകടമായാലോ രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത ഉണ്ടെങ്കിലോ രോഗപ്പകർച്ച തടയാൻ ലോകരാജ്യങ്ങളുടെ കൂട്ടായ ശ്രമം അത്യാവശ്യം ആണെങ്കിലോ ആണ് ഒരു രോഗത്തെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധി ആയി പ്രഖ്യാപിക്കുന്നത്. കൊവിഡിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോൾ ചൈനയ്ക്ക് പുറത്ത് 82 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. മങ്കിപോക്സ് രോഗികളിൽ 70 ശതമാനവും യൂറോപ്യൻ രാജ്യങ്ങളിലുള്ളവരാണ്.