കുവൈത്ത് മൃഗശാലയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം വിലക്കിയിട്ട് രണ്ട് വര്‍ഷവും മൂന്ന് മാസവും

single-img
15 July 2022

കുവൈത്ത് സിറ്റി: കുവൈത്ത് മൃഗശാലയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം വിലക്കിയിട്ട് രണ്ട് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞു.

2020 മാര്‍ച്ച്‌ തുടക്കത്തിലാണ് കോവിഡ് പശ്ചാത്തലത്തില്‍ മൃഗശാല അടച്ചത്. അതേസമയം, മൃഗശാലയിലെ ജീവികള്‍ക്ക് അധികൃതര്‍ ഭക്ഷണവും പരിചരണവും നല്‍കുന്നുണ്ട്. പെറ്റുപെരുകി വിവിധ ജീവജാലങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കുവൈത്തികള്‍ വിദേശത്തുനിന്ന് എത്തിച്ച്‌ അനധികൃതമായി വീടുകളില്‍ വളര്‍ത്തിയിരുന്ന വന്യജീവികളെ പിടിച്ചെടുത്ത് മൃഗശാലയില്‍ എത്തിച്ചതും വര്‍ധനക്ക് കാരണമായി. സന്ദര്‍ശകരില്ലാത്തതിനാല്‍ ജീവികള്‍ക്കിപ്പോള്‍ ശാന്ത ജീവിതം.

ജീവനക്കാര്‍ കൃത്യമായി ഭക്ഷണം എത്തിക്കുന്നതിനാല്‍ വിശപ്പും മറ്റു ബുദ്ധിമുട്ടുകളുമില്ല. സന്ദര്‍ശകര്‍ ‘കുരങ്ങുകളിപ്പിച്ചിരുന്ന’ കുരങ്ങന്മാര്‍ക്കാണ് ഏറ്റവും ആശ്വാസം. ആരും അവരെ ശല്യപ്പെടുത്താനില്ല. അവരുടെ വികൃതികള്‍ക്ക് തടസ്സങ്ങളുമില്ല. സന്ദര്‍ശകരില്ലാത്തത് ജീവികളെ ശാന്തരാക്കിയിട്ടുണ്ടെന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. മൃഗശാല എന്ന് തുറക്കുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.

മൃഗശാലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടതിനാല്‍ വീണ്ടും തുറക്കാന്‍ കുറച്ച്‌ സമയമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അതിനിടെ ഒറ്റപ്പെട്ട കുടുംബ സന്ദര്‍ശകര്‍ മൃഗശാലയില്‍ വന്നുപോകുന്നുണ്ട്.

വിനോദ സഞ്ചാരകേന്ദ്രം എന്ന നിലയില്‍ വിപുലമായ സന്ദര്‍ശനം അനുവദിച്ച്‌ തുടങ്ങിയിട്ടില്ല. ബാച്ചിലര്‍മാര്‍ക്ക് പ്രവേശനം തന്നെ അനുവദിക്കുന്നില്ല.