എ കെ ജി സെന്റർ ആക്രമണം; ഫെസ്ബൂക് പോസ്റ്റിട്ട ആൾ അറസ്റ്റിൽ; ആക്രമിച്ച പ്രതിയെ ഇതുവരെയും കണ്ടെത്തിയില്ല

single-img
3 July 2022

എ കെ ജി സെന്റർ ആക്രമണ കേസിൽ പ്രതി എന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത ആളെ ഫെസ്ബൂക് പോസ്റ്റിട്ടതിന്റെ പേരിൽ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അന്തിയൂർ‌ക്കോണം സ്വദേശിയും നിർമാണതൊഴിലാളിയുമായ റിജുവിനെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. റിജുവിനെ കഴിഞ്ഞ ദിവസം കമ്മീഷണർ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാൾക്ക് സംഭവുമായി ബന്ധമില്ലെന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം, സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴും പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിക്കാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. അക്രമിയ്ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാൽ ഇയാളെ കുറിച്ചും ഇതുവരെയും യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല.

എകെജി സെന്ററിൽ ബോംബ് എറിഞ്ഞ പ്രതിയെ 2 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനാകാത്ത് പൊലീസിനും സർക്കാരിനും നാണക്കേടായി മാറുകയാണ്. നിയമസഭാ സമ്മേളനം ചേരുന്ന ഈ സമയത്തു ബോംബ് എറിഞ്ഞത് കോൺഗ്രസുകാരാണെന്ന് ആരോപണം സിപിഎം ഉന്നയിച്ചിരുന്നു. ഇത് സഭയിൽ പ്രതിപക്ഷം ആയുധമാക്കാനാണ് സാധ്യത.