മതത്തിന്റെ പേരില്‍ ഇത്തരം ക്രൂര കൃത്യങ്ങള്‍ ചെയ്യാന്‍ മതവും പ്രവാചകനും അനുവദിക്കുന്നില്ല; ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച് കുഞ്ഞാലിക്കുട്ടി

single-img
29 June 2022

പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരില്‍ ഉദയ്പൂരില്‍ തയ്യല്‍ കടക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.

മതത്തിന്റെ പേരില്‍ ഇതുപോലെയുള്ള ക്രൂര കൃത്യങ്ങള്‍ ചെയ്യാന്‍ മതവും പ്രവാചകനും അനുവദിക്കുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.’ഉദയ്പൂരിലെ അരും കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം അറിയിച്ചു.

“മതത്തിന്റെ പേരില്‍ ഇതുപോലുള്ള ക്രൂര കൃത്യങ്ങള്‍ ചെയ്യാന്‍ മതവും പ്രവാചകനും അനുവദിക്കുന്നില്ല. ഇസ്ലാം മതത്തിന് ഇത്തരം ലേബലുകള്‍ അന്യമാണ്. ഇസ്ലാം ആശയ സംവാദങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

ക്രൂരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതും മാനവ സമൂഹത്തിന് അപമാനവുമാണ്. സംഘ്പരിവാര്‍ ആശയങ്ങള്‍ക്ക് കരുത്ത് പകരാനേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കൂ,’ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ എഴുതി.