ബഫർ സോണ്‍; കോടതിവിധിക്കെതിരെ സർക്കാർ റിവ്യൂ പെറ്റീഷന്‍ സാധ്യത തേടുകയാണ്: മുഖ്യമന്ത്രി

single-img
27 June 2022

 ബഫർ സോൺ വിഷയത്തിൽ കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാനുള്ള സാധ്യത സർക്കാർ തേടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ റിവ്യൂ ഹർജി നൽകാനുള്ള സാധ്യത ഉൾപ്പെടെ അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ചാണ് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നത്.  ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ പൂർണ്ണരൂപം :

രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് 2011ലാണ് പരിസ്ഥിതി ലോല മേഖലകൾ സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം പുറപ്പെടുവിച്ചത്. ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും പരിസരത്ത് 10 കിലോമീറ്റർ വരെയുള്ള പ്രദേശങ്ങളിൽ വിജ്ഞാപനം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.

പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളിൽ ഈ നിയന്ത്രണം 10 കിലോമീറ്ററിൽ കൂടുതൽ ആകാം. വയനാട്ടിലെ 88.210 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശം 2013ൽ യു.ഡി.എഫ് സർക്കാർ സമർപ്പിച്ചിരുന്നു.

2020ൽ വനമേഖലയെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനും സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്. 0 മുതൽ 1 കിലോമീറ്റർ വരെ ദൂരപരിധി വേണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായും സംരക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഓരോ പ്രദേശത്തെയും ജനവാസ മേഖല കണക്കിലെടുത്ത് പരിസ്ഥിതി ലോല മേഖല പരിഗണിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.