അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല; ഏത് മതത്തിന്റെ പേരിലുള്ള കൊലപാതകവും തെറ്റാണ്: സായ് പല്ലവി

single-img
19 June 2022

കാശ്മീരിൽ നടക്കുന്ന പണ്ഡിറ്റുകളുടെ കൊലയും രാജ്യത്തെ പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ യാതൊരുവിധ വ്യത്യാസവുമില്ലെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സായ് പല്ലവി. താൻ പറഞ്ഞ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും സായ് പല്ലവി വിശദീകരണത്തിൽ വ്യക്തമാക്കി.

ഏത് മതത്തിന്റെ പേരിൽ നടന്നാലും കൊലപാതകം തെറ്റാണെന്നും സായ് പല്ലവി തന്റെ ലൈവ് വീഡിയോയില്‍ പറഞ്ഞു. താന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാതെ ചെറിയൊരു വീഡിയോ മാത്രമാണ് ഷെയര്‍ ചെയ്യപ്പെടുന്നതെന്നും സായ് പല്ലവി ആരോപിച്ചു.

സായ് പല്ലവിയുടെ വാക്കുകൾ: ‘ഏത് രൂപത്തിലുള്ള ആക്രമണവും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണ്. ഇതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. എന്നാൽ അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പലരും ആള്‍ക്കൂട്ടകൊലപാതകങ്ങളെ ന്യായീകരിക്കുന്നത് കണ്ടു.

പ്രൊഫഷണലായി ഒരു ഡോക്ടര്‍ എന്ന നിലയില്‍ ജീവിതത്തിന്റെ വില എനിക്കറിയാം. ഒരാള്‍ക്ക് മറ്റൊരാളുടെ ജീവനെടുക്കാന്‍ അവകാശമില്ല. ഞാൻ നടത്തിയ അഭിമുഖം മുഴുവന്‍ കാണാതെ പ്രമുഖരായവരും സൈറ്റുകളും ചെറിയ വീഡിയോ മാത്രം ഷെയര്‍ ചെയ്തത് കണ്ടു. എന്താണ് ഞാന്‍ പറഞ്ഞതെന്ന് പോലു മനസ്സിലാക്കാതെ’ .