ചന്ദ്രിക ആഴ്ചപതിപ്പ് നിർത്താനുള്ള മാനേജ്‌മെന്റ് തീരുമാനം എംഡിയും ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരും അറിഞ്ഞില്ലെന്ന് ആരോപണം

single-img
9 June 2022

മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ പ്രസിദ്ധീകരണങ്ങളായ ചന്ദ്രിക ആഴ്ചപതിപ്പും മഹിളാ ചന്ദ്രികയും സാമ്പത്തിക പ്രതിസന്ധിമൂലം പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കാനുള്ള മാനേജ്‌മെന്റ് തീരുമാനം ചന്ദ്രിക എംഡി സാദിഖലി തങ്ങള്‍, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാർ എന്നിവർ അറിഞ്ഞില്ലെന്ന് ആരോപണം.

ലീഗിന്റെ സംസ്ഥാന അധ്യക്ഷനും ചന്ദ്രികയുടെ എം ഡിയുമായ സാദിഖലി തങ്ങള്‍, ചന്ദ്രികയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഇടി മുഹമ്മദ് ബഷീര്‍ എം.പി, എം കെ മുനീര്‍ എം എല്‍ എയും അടക്കമുള്ളവര്‍ ചന്ദ്രിക ആഴ്ചപതിപ്പിന്റെ പ്രസിദ്ധീകരണം നിര്‍ത്തുന്നത് സംബന്ധിച്ച് അറിഞ്ഞിട്ടില്ലെന്നും ഇവരുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും ചന്ദ്രികയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.

വിഷയത്തിൽ സാദിഖലി തങ്ങളുമായി സംസാരിച്ചപ്പോള്‍ ചന്ദ്രികയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ അല്ല നിലനിര്‍ത്താനാണ് നോക്കേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞതെന്നും പ്രസിദ്ധീകരണങ്ങള്‍ നിര്‍ത്താനുള്ള തീരുമാനം അദ്ദേഹം അറിഞ്ഞിട്ടില്ലെന്ന കാര്യം ഉറപ്പാണെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു.

പ്രസിദ്ധീകരണങ്ങള്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ ആറിനാണ് ചന്ദ്രിക മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയത്. 01-07-2022 മുതല്‍ മറ്റൊരു അനുകൂല സാഹചര്യം ഉണ്ടാകുന്നത് വരെ ഡിജിറ്റലായോ പ്രിന്റായോ ചന്ദ്രിക വീക്ക്‌ലി, മഹിളാ ചന്ദ്രിക എന്നിവ പ്രസിദ്ധീകരിക്കുന്നതല്ല എന്നാണ് നോട്ടീസില്‍ പ്രതിപാദിക്കുന്നത്. ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡിന് വേണ്ടി പി എം എ സമീര്‍ ആണ് നോട്ടീസ് പുറത്തിറക്കിയത്.