തൃക്കാക്കരയിൽ നടക്കുന്നത് യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള സൗഹൃദ മത്സരം: വി മുരളീധരൻ

single-img
15 May 2022

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ യുഡിഎഫും എല്‍ഡിഎഫും തമ്മിൽ നടക്കുന്നത് സൗഹൃദ മത്സരമാണ് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. സിൽവർ ലൈൻ/ കെ റെയിൽ പദ്ധതിയോട് ജനങ്ങൾക്ക് എതിർപ്പുണ്ടെന്ന് മനസ്സിലാക്കിയാണ് തെരഞ്ഞെടുപ്പ് സമയത്ത് കല്ലിടൽ നിർത്തിയത്.

കേന്ദ്രസർക്കാർ സിൽവർ ലൈനിന് അനുമതി നൽകില്ലെന്ന് വ്യക്തമാക്കിയിട്ടും സംസ്ഥാന സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണെന്ന് സംശയിക്കുന്നതായും ഇന്ന് പൊന്നാനിയിൽ ഇ ശ്രീധരനുമായുള്ള കൂടികാഴ്ച്ചക്ക് ശേഷം വി മുരളീധരൻ ആരോപിച്ചു.

അതേസമയം, രാജസ്ഥാനിൽ കോൺഗ്രസ് നടത്തിയ ചിന്തൻ ശിബിരം കേരളത്തിലെ കോൺഗ്രസുകാർക്ക് പാരയായി മാറിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. നേതാക്കളുടെ അനുഭവസമ്പത്തില്ലാത്ത ബന്ധുക്കളെ സ്ഥാനാർത്ഥിയാക്കാൻ പാടില്ലെന്ന നിർദ്ദേശം ചിന്തൻ ശിബിരത്തിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിലെ കോൺഗ്രസുകാർക്ക് എതിർക്കുകയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല എന്ന് അദ്ദേഹം പരിഹസിച്ചു.

കോൺഗ്രസ് യാതൊരു രാഷ്ട്രീയ പരിചയവും ഇല്ലാത്തയാളെയാണ് തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കിയത്. പി ടി തോമസ് ജീവിച്ചിരുന്ന കാലത്ത് കുടുംബവാഴ്ചയെയും ഇതുപോലെയുള്ള ബന്ധുത്വ സ്ഥാനാർത്ഥി നിർണയത്തെയും എതിർത്തതാണ്. കെ വി തോമസ് ഉയർത്തിവിട്ട ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കെ പി സി സി ക്ക് ആവുന്നില്ലെന്നും എം വി ജയരാജന്‍ തന്റെ ഫേസ്ബുക്കില്‍ എഴുതി.