കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളുടെ അധിക ഗോതമ്പ് വിഹിതം നിർത്തലാക്കി കേന്ദ്ര സർക്കാർ

single-img
14 May 2022

രാജ്യത്ത് കേരളം ഉൾപ്പടെയുള്ള പത്ത് സംസ്ഥാനങ്ങൾക്കുള്ള ഗോതമ്പ് വിഹിതം വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. നിലവിൽ എപിഎൽ വിഭാഗത്തിനുള്ള ഗോതമ്പാണ് നിർത്തലാക്കിയത്. കേന്ദ്രസർക്കാർ കേരളത്തിന് പ്രതിമാസം നൽകിയിരുന്നത് 6,459 മെട്രിക് ടൺ ഗോതമ്പാണ്. ഇപ്പോൾ ഗോതമ്പ് ക്ഷാമം രൂക്ഷമായതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളുടെ 40 ശതമാനം ഗോതമ്പ് വിഹിതം കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കുകയായിരുന്നു. ബിഹാർ, ജാർഖണ്ഡ്, ഒഡിഷ തുടങ്ങി പത്ത് സംസ്ഥാനങ്ങളിലെ ഗോതമ്പ് വിഹിതമാണ് വെട്ടിക്കുറച്ചത്.

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിലെ ഭക്ഷ്യ സുരക്ഷ സ്‌കീം പ്രകാരമാണ് നടപടി. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോതമ്പ് സ്റ്റോക്ക് സംബന്ധിച്ചും ആശങ്കകൾ ഉയരുന്നതിനിടയാണ് നീക്കം. നേരത്തെ രാജ്യത്തെ ഗോതമ്പ് കയറ്റുമതി കേന്ദ്ര സർക്കാർ താൽക്കാലികമായി നിരോധിച്ചിരുന്നു. ആഭ്യന്തര വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയരുന്നത് കണക്കിലെടുത്താണ് തീരുമാനം.

ഇതോടൊപ്പംഉള്ളി വിത്തുകളുടെ കയറ്റുമതിയും നിയന്ത്രിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ. ഈ മാസം 13 മുതൽ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ കയറ്റുമതി ചില വ്യവസ്ഥകളോടെ തുടരും. ഇതിനകം കരാർ ഒപ്പിട്ട കയറ്റുമതിക്ക് ഈ തീരുമാനം ബാധകമല്ല. മറ്റ് രാജ്യങ്ങളിൽ ഭക്ഷ്യ പ്രതിസന്ധി ഉണ്ടായാൽ സർക്കാരുകളുടെ അഭ്യർത്ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കും.

റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗോതമ്പിന്റെ രാജ്യാന്തര വിലയിൽ 40 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിനാൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിച്ചു. ഡിമാൻഡ് വർധിച്ചതിനാൽ പ്രാദേശിക തലത്തിൽ ഗോതമ്പിന്റെയും മൈദയുടെയും വിലയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ധാന്യ വില കൂടിയിട്ടും കേന്ദ്രസർക്കാർ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരെ പലഭാഗങ്ങളിലും നിന്നും പ്രതിഷേധം ഉയർന്നുവന്നിരുന്നു.