സാമ്പത്തിക പ്രതിസന്ധിയില്‍ ശ്രീലങ്ക; വായ്പ നൽകാൻ ഇന്ത്യ

single-img
18 March 2022

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ. ഇന്ത്യ സഹായമായി നല്‍കാമെന്ന് സമ്മതിച്ച 7585 കോടിയുടെ വായ്പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രാജപക്‌സെ ഇന്ത്യൻ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി ഈയാഴ്ച ചര്‍ച്ച നടത്തും.

ഇന്ത്യ നൽകുന്ന തുകയുടെ വിനിയോഗത്തെക്കുറിച്ചുള്ള മാര്‍ഗരേഖയും ഇരുവരും പങ്കുവെക്കും.ഇതുവരെ ഇന്ധനം വാങ്ങുന്നതിനായി 3793 കോടി രൂപയും നാണയകൈമാറ്റത്തിനായി 3035 കോടി രൂപയും ഇന്ത്യ ശ്രീലങ്കയ്ക്കു നല്‍കിയിട്ടുണ്ട്.

ഈ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറെയും സന്ദര്‍ശിച്ച ബേസില്‍ രാജപക്‌സെ, ശ്രീലങ്കയ്ക്കു നല്‍കിവരുന്ന സാമ്പത്തികസഹായങ്ങള്‍ക്കു നന്ദിയറിയിച്ചിരുന്നു. രണ്ടു വർഷങ്ങൾക്ക് മുൻപ് ആദ്യമായി കോവിഡ് നിയന്ത്രണങ്ങള്‍ ആരംഭിച്ചതോടെ വിദേശനാണയ ശേഖരം കാലിയായതോടെയായിരുന്നു ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത്. ഈ ഘട്ടത്തിലായിരുന്നു സഹായം തേടി ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രജപക്‌സെ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയത്.

ഇപ്പോൾ പെട്രോളിന് ലിറ്ററിന് 283 രൂപയും ഡീസലിന് 176 രൂപയുമാണ്. പാല്‍ ലിറ്ററിന് 263-ഉം അരി കിലോയ്ക്ക് 448 രൂപയുമാണ് ശ്രീലങ്കയിലെ വില. വൈദ്യുതിനിലയങ്ങള്‍ പൂട്ടിയതോെട ഏഴരമണിക്കൂര്‍ പവര്‍കട്ടും രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.