ആന്ത്രോത്ത് കോളജിന്റെ പേരില്‍നിന്ന് പി എം സയീദിനെ ഒഴിവാക്കി ലക്ഷ ദ്വീപ് ഭരണകൂടം

single-img
1 January 2022

ലക്ഷദ്വീപിലുള്ള സര്‍ക്കാര്‍ കോളജിന്റെ പേരില്‍നിന്ന് മുന്‍ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ പിഎം സയീദിനെ നീക്കം ചെയ്ത് ദ്വീപ് ഭരണകൂടം. ആന്ത്രോത്ത് ദ്വീപിൽ സ്ഥിതിചെയ്യുന്ന ‘പി എം സയീദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റര്‍’ ആണ് ഭരണകൂടം ഏകപക്ഷീയമായി പുനര്‍നാമകരണം ചെയ്തത്. ‘ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ആന്ത്രോത്ത്’ എന്നാണ് പുതുതായി നൽകിയിട്ടുള്ള പേര്.

ലക്ഷദ്വീപില്‍ നേരത്തെ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസം വരെ മാത്രമാണുണ്ടായിരുന്നത്. അവിടെ നിന്നുള്ള കുട്ടികളുടെ കോളജ് വിദ്യാഭ്യാസത്തിനായി 2003ലാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മൂന്നു സെന്ററുകള്‍ ലക്ഷദ്വീപില്‍ ആരംഭിച്ചത്.

ആന്ത്രോത്ത്, കടമത്ത്, കവരത്തി ദ്വീപുകളിലായാണ് ഈ സെന്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് 2005 ഡിസംബറില്‍ പി എം സയീദ് അന്തരിച്ചതിനെത്തുടര്‍ന്നാണ് ആന്ത്രോത്ത് ദ്വീപിലെ സെന്ററിന് അദ്ദേഹത്തിന്റെ പേര് ആദരസൂചകമായി നല്‍കിയത്. ദ്വീപിലെ കോളജുകളുടെയും കാലിക്കറ്റ് സര്‍വകലാശാലയിലെ അഫലിയേഷന്‍ അടുത്തിടെ അഡ്മിനിസ്‌ട്രേഷന്‍ ഒഴിവാക്കിയതിനു പിന്നാലെയാണു പേരുമാറ്റം. ഈ പുതിയ അധ്യയനവര്‍ഷം മുതല്‍ പോണ്ടിച്ചേരി സര്‍വകലാശാലയുടെ ഭാഗമായായിരിക്കും ഈ കോളജുകള്‍ പ്രവർത്തിക്കുക.