പുനലൂരിലെ സുപാൽ തരംഗത്തിൽ പകച്ച് രണ്ടത്താണി; ഇടതിന്റെ ഭൂരിപക്ഷം അൻപതിനായിരം കടന്നേക്കും

single-img
4 April 2021
PS Supal Punalur

കൊല്ലം: പുനലൂർ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി പിഎസ് സുപാൽ പ്രചാരണത്തിൽ ഏറെ മുന്നിലെന്ന് റിപ്പോർട്ടുകൾ. മണ്ഡലത്തിലെ അറിയപ്പെടുന്ന നേതാവും മുൻ എംഎൽഎയുമായ സുപാലിന്റെ സ്വാധീനത്തിനു മുന്നിൽ എതിർസ്ഥാനാർത്ഥികൾ നിഷ്പ്രഭമാകുന്ന സാഹചര്യമാണ് മണ്ഡലത്തിലുള്ളത്. മുസ്ലീം ലീഗിന്റെ മുതിർന്ന നേതാവായ അബ്ദുറഹ്മാൻ രണ്ടത്താണിയെ യുഡിഎഫിന് ഒരു സാധ്യതയുമില്ലാത്ത മണ്ഡലത്തിൽ മത്സരിപ്പിച്ചതിന് പിന്നിൽ ലീഗിലെ ഗ്രൂപ്പ് പോരാണെന്നും റിപ്പോർട്ടുണ്ട്.

2016-ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ മുതിർന്ന ലീഗ് നേതാവ് എ യൂനുസ് കുഞ്ഞ് സിപിഐയുടെ കെ രാജുവിനോട് 33,582 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. മുസ്ലീം ലീഗ് ദേശീയ കൌൺസിൽ അംഗമായ യൂനുസ് കുഞ്ഞ് കൊല്ലം ജില്ലക്കാരനായിട്ടും വെറും 33.61 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. മലപ്പുറം സ്വദേശിയായ അബ്ദുറഹ്മാൻ രണ്ടത്താണിയ്ക്ക് ഇത്രയും വോട്ടുകൾ ലഭിക്കില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇത്തവണയും സീറ്റ് ലീഗിന് നൽകിയതിൽ കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കുമിടയിലും കടുത്ത അതൃപ്തിയുണ്ട്. പുനലൂരിലെ കോൺഗ്രസ് നേതാവായ സഞ്ജയ് ഖാന് സീറ്റ് നൽകണമെന്ന ആവശ്യം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ശക്തമായിരുന്നു. പുനലൂർ സ്വദേശിയായ സഞ്ജയ് ഖാന് ഒരു മത്സരം കാഴ്ചവെയ്ക്കാനെങ്കിലും സാധിക്കുമെന്നും അഭിപ്രായമുയർന്നിരുന്നു.

തോട്ടം തൊഴിലാളി മേഖലകൾ നിരവധിയുള്ള പുനലൂർ മണ്ഡലം ജില്ലയിലെ ഇടതുപക്ഷത്തിന്റെ കോട്ടയാണ്. തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കാൻ മുന്നിൽ നിന്നിരുന്ന അന്തരിച്ച സിപിഐ നേതാവ് പികെ ശ്രീനിവാസന്റെ മകനാണ് പിഎസ് സുപാൽ. യുവജനരാഷ്ട്രീയരംഗത്ത് സമരങ്ങളിലൂടെ ഉയർന്ന് വന്ന സുപാൽ മുൻപ് രണ്ട് തവണ പുനലൂരിൽ നിന്നും എംഎൽഎ ആയിട്ടുണ്ട്. ഇത്തവണ സുപാലിന്റെ ഭൂരിപക്ഷം അരലക്ഷം കടക്കുമെന്നാണ് മണ്ഡലത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ.

കൊല്ലം ജില്ലയിലെ മണ്ഡലങ്ങളിൽ പ്രചാരണത്തിന് സിപിഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കനയ്യകുമാർ എത്തിയതും ജില്ലയിൽ വലിയ തരംഗമുണ്ടാക്കിയിട്ടുണ്ട്. പുനലൂരിലും കടയ്ക്കലിലും വലിയ ജനപങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്.

PS Supal and Left front trending in Punalur

Marketing content