പുകവലി ശീലമുണ്ടോ? എങ്കിൽ സര്‍ക്കാര്‍ ജോലി ലഭിക്കില്ല

single-img
8 December 2020

ആരോഗ്യത്തിന് ഹാനികരമാണ് പുകവലിയും മദ്യപാനവുമെന്ന് അറിയാവുന്നവരാണ് നാമെല്ലാം, എന്നാല്‍ പുകവലി ശീലമുണ്ടെങ്കില്‍ ഇനി മുതൽ സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്ന് പറഞ്ഞാലോ ?. സര്‍ക്കാര്‍ ഓഫീസുകള്‍ പുകയില വിമുക്തമാക്കാനും, ലഹരിവസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിനുമായി പുതിയ സംവിധാനം കൊണ്ടു വരുകയാണ് ഝാര്‍ഖണ്ഡ് സര്‍ക്കാർ.

ഇനി മുതല്‍ രേഖാമൂലം എഴുതി നല്‍കുന്നവർക്കു മാത്രമാണ് സർക്കാർ ജോലി ലഭിക്കുക. സര്‍ക്കാര്‍ ജോലിയ്ക്ക് അപേക്ഷിക്കുന്നവരും, നിലവിലെ സംസ്ഥാന ജോലിക്കാരുമാണ് പുകവലിക്കുകയോ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നല്‍കേണ്ടത്. ചീഫ് സെക്രട്ടറി സുഖ്ദിയോ സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന പുകയില നിയന്ത്രണ ഏകോപന സമിതി യോഗത്തിലാണ് പുതിയ തീരുമാനം എടുത്തത്.

സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ, കുടുംബക്ഷേമ വകുപ്പ് ഇറക്കിയ പ്രസ്താവന പ്രകാരം, ഈ വ്യവസ്ഥ 2021 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അതിനുള്ളില്‍ സര്‍ക്കാര്‍ ജോലികളിലുള്ളവര്‍ പുകയില ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നും അതില്‍ പറയുന്നു. സ്‌കൂളുകളില്‍ നിന്ന് 100 മീറ്റര്‍ ചുറ്റളവില്‍ ഗുട്ട്ക അല്ലെങ്കില്‍ സിഗരറ്റ് വില്‍ക്കുന്ന കടയുടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സിങ് ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.