സ്വകാര്യ സ്കൂളുകളുടെ ഫീസ് കൊള്ളയ്ക്ക് മൂക്കുകയർ: ഫീസ് അടയ്ക്കാത്തതിൻ്റെ പേരിൽ വിദ്യാർത്ഥികളെ പുറത്താക്കരുതെന്ന് ഹെെക്കോടതി

single-img
16 September 2020

സ്കൂൾ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കരുതെന്ന് കർശനമായി ആവശ്യപ്പെട്ട് ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങൾ മൂലമുള്ള ദുരിതങ്ങൾ കണക്കിലെടുത്താണ് വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കുന്ന നടപടി കോടതി തടഞ്ഞത്. ആലുവ മണലിമുക്ക് സെയിന്റ് ജോസഫ് പബ്ലിക് സ്കൂളിലെ ഏഴ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 

സിബിഎസ്ഇ സ്കൂളിന് എിരെയാണ് നടപടി. സ്കൂൾ ഫീസ് പൂർണമായി നൽകാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയെന്നാണ് ഹർജിയിൽ രക്ഷിതാക്കൾ ആരോപിക്കുന്നത്. ഹർജി 23 ന് വീണ്ടും പരി​ഗണിക്കും. ഫീസ് ഏത് സമയത്തിനുള്ളിൽ അടയ്ക്കാൻ കഴിയും എന്നതിനെക്കുറിച്ച് അപ്പോൾ അറിയിക്കണമെന്നും കോടതി ഹർജിക്കാരോട് നിർദേശിച്ചു. കൂടാതെ സിബിഎസ്ഇയുടേയും സ്കൂളിന്റേയും വിശദീകരണവും തേടിയിട്ടുണ്ട്.

സ്കൂളിൽ 530 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ക്ലാസ് നടക്കാത്തതിനാൽ ഓൺലെെൻ വഴിയാണ് നിലവിൽ പഠനം നടക്കുന്നത്. ഈ സമയത്ത് സ്കൂൾ ഫീസിന് പുറമേ 5500 രൂപ അടയ്ക്കണമെന്നാണ് നിർദേശിച്ചത്. സെപ്റ്റംബർ 14 ന് മുൻപ് ഫീസ് അടച്ചില്ലെങ്കിൽ ഓൺലൈൻ ക്ലാസിൽ നിന്ന് ഒഴിവാക്കുമെന്ന് നോട്ടീസും നൽകിയിരുന്നു. 

13ന് 270 വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസുകളുമായുള്ള ബന്ധം വിച്ഛേദിച്ചതായും ഹർജിയിൽ പറഞ്ഞിരുന്നു. ഹർജികൾ പരിഗണിച്ച കോടതി സ്കൂളുകൾക്ക് എതിരെ രംഗത്തെത്തുകയായിരുന്നു.