കൊല്ലം വേങ്ങൂർ മല നിവാസികൾക്ക് പട്ടയം അനുവദിച്ചു; നൂറുകണക്കിനാളുകളുടെ ദശാബ്ദങ്ങൾ നീളുന്ന കാത്തിരിപ്പ് സഫലമാക്കി സർക്കാർ

single-img
5 July 2020

കൊല്ലം: വേങ്ങൂർ മലയിലെ കയ്യേറ്റ കൃഷിക്കാർക്ക് പട്ടയം അനുവദിച്ച് സർക്കാർ. കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽപ്പെട്ട വേങ്ങൂർ മലയിൽ എഴുന്നൂറോളം പേർക്ക് പട്ടയം ലഭിക്കുമ്പോൾ ഇവരുടെ ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പാണ് സഫലമാകുന്നത്. ചടയമംഗലം എംഎൽഎയായ മുല്ലക്കര രത്നാകരന്റെയും തദ്ദേശസ്വയം ഭരണ പ്രതിനിധികളുടെയും അശ്രാന്ത പരിശ്രമങ്ങൾക്കൊടുവിലാണ് പട്ടയ പ്രശ്നത്തിന് പരിഹാരമായത്.

വേങ്ങൂർ വനഭൂമി കയേറ്റ കൃഷിക്കാർക്ക് പതിച്ചുനൽകണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഈ മേഖലയിലെ ആളുകൾ നേരിടുന്ന പ്രധാന പ്രശ്നവും ഇതാണ്. കാലങ്ങളായി വിവിധ സർക്കാരുകളുടെ മുൻപിൽ ഈ വിഷയം എത്തുമെങ്കിലും പ്രശ്നപരിഹാരം നീളുകയായിരുന്നു. 210 ഏക്കറോളം സ്ഥലത്തെ നൂറുകണക്കിനാളുകളാണ് പട്ടയത്തിനായി ദശാബ്ദങ്ങളായി കാത്തിരുന്നത്. നാലു സർവെ നമ്പരുകളിലായി കിടക്കുന്ന വിശാലമായ ഭൂപ്രദേശത്ത് കർഷകരും തൊഴിലാളികളും നാമമാത്ര ചെറുകിട റബ്ബർ കർഷകരുമാണ്‌ താമസിക്കുന്നത്. രണ്ടു സെന്റ്‌ മുതൽ 50 സെന്റ്‌ വരെ സ്ഥലമുള്ള കർഷകരാണ് ഏറെയും.

“1970-ൽ കേരളത്തിൽ പലയിടത്തും പുന്നപ്ര വയലാർ സമര സേനാനികൾ, ഇന്ത്യൻ പട്ടാളത്തിൽ സേവനമനുഷ്ടിച്ചവർ, സ്വാതന്ത്ര്യ സമര സേനാനികൾ, മറ്റ് പാവപ്പെട്ടവർ എന്നിവർക്ക് കൃഷിയ്ക്ക് വേണ്ടി ഭൂമി അനുവദിക്കുന്ന ഒരു പൊതു സംവിധാനം രൂപപ്പെട്ടു. ആ സമയത്ത് വനം വകുപ്പിന്റെ കൈവശം ഉണ്ടായിരുന്ന വിവിധ ജനവാസകേന്ദ്രങ്ങളിലെ വനഭൂമികൾ. ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായി കേന്ദ്രസർക്കാരിന്റെ അനുവാദം വാങ്ങി ഏറ്റെടുത്ത് ഇത്തരം ആവശ്യങ്ങൾക്ക് വിതരണം ചെയ്യുന്ന ഒരു സംവിധാനം അന്നത്തെ കേരള സർക്കാർ ഉണ്ടാക്കിയിരുന്നു. അങ്ങനെയാണ് വേങ്ങൂർ മല റവന്യു വകുപ്പ് ഏറ്റെടുക്കുന്നത്. സൈന്യത്തിൽ സേവനമനുഷ്ഠിച്ചവർക്ക് വേണ്ടിയായിരുന്നു ഈ പ്രദേശം അനുവദിച്ചത്. ഒരാൾക്ക് മൂന്നര ഏക്കർ ഭൂമി നൽകണം എന്ന നിലയിലാരുന്നു തീരുമാനം. ”

ചടയമംഗലം എംഎൽഎ ആയ മുല്ലക്കര രത്നാകരൻ പറയുന്നു.

എന്നാൽ ഈ സ്ഥലം ഏറ്റെടുത്തതിന് പിന്നാലെ ഈ ചുറ്റും താമസിക്കുന്ന സ്വന്തമായി വീടില്ലാത്തവരും, കൃഷി സ്ഥലം ഇല്ലാത്തവരുമായ നിരവധിയാളുകൾ അവിടേയ്ക്ക് കുടിയേറി. ഈ ഭൂമി അനുവദിച്ചിരുന്ന മറ്റ് പല സ്ഥലങ്ങളിലായി താമസിച്ചിരുന്ന അലോട്ടീസ് (സർക്കാർ ഭൂമി ലഭിച്ചവർ) ഈ കയ്യേറ്റത്തിനെതിരെ കേസ് കൊടുക്കുകയും ചെയ്തു. ദരിദ്രരായ ഒരുപാട് പേർ അപ്പോൾ അവിടെ കുടിയേറി പാർക്കുകയും കൃഷി ഭൂമിയായി ഉപയോഗിക്കുകയും ചെയ്തിരുന്നു, അവിടെ നിന്ന് അവരെ ഇറക്കി വിടുക എന്നത് എളുപ്പമായിരുന്നില്ലെന്നും മുല്ലക്കര രത്നാകരൻ ഇവാർത്തയോട് പറഞ്ഞു.

വേങ്ങൂർ പട്ടയ പ്രശ്‌നത്തിന് സഫലമായ പരിസമാപ്തി.ഏകദേശം നാൽപ്പതാണ്ടുകളാകാൻ പോകുന്ന, വളരെ സാധാരണക്കാരും കർഷകരുമായ നൂറ്…

Posted by Mullakkara Retnakaran on Wednesday, July 1, 2020

എന്നാൽ നിലവിലുള്ള ഭൂമിയുടെ പ്രത്യേകത അനുസരിച്ച് അലോട്ടീസിന് 50 സെന്റ് ഭൂമിവീതം വേങ്ങൂർ മലയിലോ മറ്റെവിടെയെങ്കിലുമോ വാങ്ങി നൽകിയ ശേഷം, കുടിയേറിയവരുടെ കാര്യത്തിൽ സർക്കാരിന് തന്നെ ഒരു തീരുമാനത്തിലെത്താം എന്നായിരുന്നു കേസിലെ ഹൈക്കോടതി വിധി. 24 പേരാണ് അന്ന് കേസ് കൊടുത്തത്. 17 പേരൊഴിച്ച് ബാക്കിയുള്ളവർക്ക് ഭൂമി ഗവൺമെന്റ് മറ്റ് പലയിടങ്ങളിലായി വാങ്ങി നൽകി. ബാക്കി 17 പേർക്കുള്ള 8.5 ഏക്കർ ഭൂമി വേങ്ങൂർ മലയിൽ നിന്ന് തന്നെ കണ്ടെത്തുക എന്ന ശ്രമകരമായ ദൌത്യമായിരുന്നു പിന്നീട് അധികാരികളുടെ മുന്നിലുണ്ടായിരുന്നത്. പട്ടയ നിയമ പ്രകാ‍രം ഒരാൾക്ക് പട്ടയമായി നൽകാൻ കഴിയുന്നത് 50 സെന്റ് ഭൂമി മാത്രമാണ്. എന്നാൽ കുടിയേറി താമസിച്ചിരുന്ന നാലോ അഞ്ചോ പേരുടെ കൈവശം 50 സെന്റിൽ കൂടുതൽ ഭൂമി ഉണ്ടായിരുന്നു. ഇങ്ങനെയുള്ളവരിൽ നിന്നും കൂടുതൽ ഭൂമിയും മറ്റുള്ളവരിൽ നിന്ന് കുറച്ച് ഭൂമിയും ആനുപാതികമായി സർക്കാർ ഏറ്റെടുത്ത് പ്രദേശവാസികളുടെ സഹായത്തോടെ അവിടങ്ങളിലേക്ക് വഴി കണ്ടെത്തി സർവേ നടപടികൾ പൂർത്തിയാക്കുകയും 8.5 ഏക്കർ ഭൂമി കണ്ടെത്തി 17 അലോട്ടീസിനായി നീക്കിവെയ്ക്കുകയും ചെയ്തു. ഇത് ഹൈക്കോടതിയെ അറിയിച്ചതിന്റെ ഫലമായി ആണ് ഈ ഭൂമിയ്ക്ക് പട്ടയം കൊടുക്കാനുള്ള നിയമപരമായ അനുവാദം സർക്കാരിന് കിട്ടിയതും ഈ മാസം ഒന്നാം തീയതിയിലെ കാബിനറ്റ് തീരുമാനം ഉണ്ടായതും.

ഇതുമായി ബന്ധപ്പെട്ട നിയമതടസങ്ങൾ നീക്കുന്നതിന് ഇപ്പോഴത്തെ റവന്യു മന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ നാലു പ്രാവശ്യം യോഗം ചേർന്നിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി മാത്രം ഒരു ഉദ്യോഗസ്ഥനെ മന്ത്രി ചുമതലപ്പെടുത്തുകയുണ്ടായി. കൊല്ലം കളക്ടറായിരുന്ന ശ്രീ.കാർത്തികേയന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലും ഇളമാട് പഞ്ചായത്തിലുമായി പലതവണ യോഗം ചേർന്നിരുന്നു. പഞ്ചായത്ത്-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളും ഇളമാട് പഞ്ചായത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും നേതൃത്വങ്ങളും റവന്യു-സർവ്വേ വകുപ്പുകളിലെ താഴെതലം വരെയുള്ള ഉദ്യോഗസ്ഥരും റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസും പൂർണ്ണമായും സഹകരിച്ചപ്പോഴാണ് പട്ടയം എന്ന വേങ്ങൂർ മല നിവാസികളുടെ സ്വപ്നം പൂവണിഞ്ഞത്.

പട്ടയം അനുവദിക്കുന്നതിന് വകുപ്പിന്റെ തീരുമാനത്തിനപ്പുറം കാബിനറ്റിന്റെ അനുവാദവും വേണ്ടി വരുമെന്നുള്ളതിനാൽ കൊണ്ട് അതിനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ ആണ് ഈ വിഷയത്തിൽ ഹൈക്കോടതിയിൽ ഹാജരാകുകയും റവന്യു വകുപ്പിന് നിയമോപദേശം നൽകുകയും ചെയ്തത്.

കഴിഞ്ഞ പതിനാല് വർഷങ്ങളിലും ഈ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള യാത്രയിൽ എം.എൽ.എ എന്ന നിലയിൽ താൻ മുന്നിലുണ്ടായിരുന്നുവെന്ന് മുല്ലക്കര രത്നാകരൻ പറയുന്നു.