ചൈനീസ് കമ്പനികള്‍ പിഎം കെയറിലേക്ക് നല്‍കിയ സംഭാവനകള്‍ കേന്ദ്രസര്‍ക്കാര്‍ തിരികെ നല്‍കണം: പഞ്ചാബ് മുഖ്യമന്ത്രി

single-img
29 June 2020

പ്രധാനമന്ത്രിയുടെ പി എം കെയര്‍ ഫണ്ടിലേക്ക് ചൈനയിൽ നിന്നുള്ള കമ്പനികള്‍ നല്‍കിയ സംഭാവന മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ തിരികെ നൽകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ചൈന നമ്മുടെ സൈനികരെ കൊല്ലുമ്പോള്‍ അവരുടെ പണം സ്വീകരിക്കരുത്. അവർ നൽകിയത് എത്ര വലിയ തുക ആണെങ്കിലും തിരികെ നൽകണമെന്ന് അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു.

നമ്മുടെ അതിർത്തിയിലേക്ക്ചൈന കടന്നുകയറിയിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. പക്ഷെ ശരിയായ വസ്തുതകള്‍ ജനങ്ങളുടെ മുന്‍പിലുണ്ട്.ചൈന തുടർച്ചയായി നമ്മെ ബുദ്ധിമുട്ടിക്കുകയാണ്. നമ്മുടെ അയൽ രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും ഇന്ത്യയിലേക്ക് കടന്നുകയറാന്‍ പര്യാപ്തമായ ഒരു അവസരവും പാഴാക്കുന്നില്ല.

ഇനിയെങ്കിലും ചൈനയോട് കൂടുതൽ കര്‍ശന സമീപനം പുലര്‍ത്താന്‍ കേന്ദ്രം തയ്യാറാകണമെന്നും അമരീന്ദര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രധാനമന്ത്രി പി എം കെയര്‍ ഫണ്ട് മാർച്ചിൽ രൂപീകരിച്ചത്. ഇതിലേക്ക് ചൈനീസ് കമ്പനികള്‍ പണം സംഭാവന നല്‍കിയതായി കോണ്‍ഗ്രസ് മുൻപും ആരോപിച്ചിരുന്നു.