ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത; പുതുക്കിയ മാർഗ നിർദേശം ഇന്ന് പുറത്തിറക്കും

single-img
17 May 2020

ഡൽഹി: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് നാലാം ഘട്ട ലോക്ക് ഡൗണിനുള്ള മാർഗനിർദേശങ്ങൾ ഇന്ന് പുറത്തിറക്കും. മെയ് നാലിന് പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്നതിനെ തുടർന്നാണ് നടപടി. മാര്‍ഗ നിര്‍ദ്ദേശത്തിന് ആഭ്യന്തര മന്ത്രാലയം അന്തിമ രൂപം നല്‍കിക്കഴിഞ്ഞു.

നാലാം ഘട്ടത്തിൽ  പൊതുഗതാഗതം ഭാഗികമായി പു:നസ്ഥാപിക്കാനും ഓഫീസുകളില്‍ കൂടുതല്‍ ജീവനക്കാരെ അനുവദിക്കാനും തീരുമാനമുണ്ടായേക്കും. പ്രത്യേക വിമാനസര്‍വീസുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ചർച്ചകൾ നടക്കുന്നുണ്ട്. മെട്രോ ഭാഗികമായി തുറക്കണമെന്നും, എന്നാൽ ഷോപ്പിംഗ് മാളുകളും തിയേറ്ററുകളും ആരാധനാലയങ്ങളും തുറക്കേണ്ടതില്ലെന്നുമാണ് സംസ്ഥാനങ്ങളുടെ നിലപാട്.

അതേസമയം രാജ്യത്തെ 30 നഗരങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സൂചന. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത അടക്കമുള്ള സ്ഥലങ്ങളില്‍ ആണ് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവുക. കേന്ദ്രത്തിന്റെ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് ഉച്ചയോടെ പുറത്ത് വരുമെന്നാണ് സൂചന.