കുരങ്ങ് പനി: ഗവേഷണ പദ്ധതി തയ്യാറാക്കാന്‍ വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി : മന്ത്രി എ കെ ശശീന്ദ്രന്‍

single-img
1 May 2020

കുരങ്ങ് പനിയുടെ വ്യാപനം, പ്രതിരോധം, ചികിത്സ എന്നീ വിഷയങ്ങളില്‍ ഗവേഷണ പദ്ധതി തയ്യാറാക്കുന്നതിന് വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കി. കുരങ്ങ് പനി ഭീഷണി നേരിടുന്ന തിരുനെല്ലി പഞ്ചായത്തിലെ രോഗ ബാധിത പ്രദേശം പ്രത്യേക മേഖലയായി തിരിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കും.

അടുത്ത പത്ത് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രോഗം പരത്തുന്ന കീടങ്ങളെ അകറ്റാനും ഇല്ലാതാക്കാനും ആവശ്യമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും. രോഗ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കും. സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിച്ച് കോളനികള്‍ ശുചീകരിക്കും. കന്നുകാലികളെ കാട്ടിലേക്ക് മേയാന്‍ വിടുന്നതും തേന്‍ ശേഖരിക്കാന്‍ പോകുന്നതും സംബന്ധിച്ച് നിരീക്ഷണം കര്‍ശനമാക്കും.

രോഗ ബാധിത പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍, വിറക്, കാലിത്തീറ്റ എന്നിവ ലഭ്യമാക്കും. രോഗ പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യാന്‍ നാളെ തിരുനെല്ലി പഞ്ചായത്തില്‍ യോഗം ചേരും. എം.എല്‍.എമാര്‍ യോഗത്തില്‍ പങ്കെടുക്കും.

കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക തുടങ്ങിയവര്‍ പങ്കെടുത്തു.