സാലറി ചലഞ്ചെന്നപേരിൽ ഗുണ്ടാ പിരിവ് അനുവദിക്കില്ല; പ്രതിപക്ഷ നേതാവ്

single-img
3 April 2020

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫണ്ടുസ്വരൂപിക്കുന്നതിന്റെ ഭാഗമായി സലറി ചലഞ്ചിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാലറി ചലഞ്ചിന്റെ പേരില്‍ ഗുണ്ടാ പിരിവ് അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സാലറി ചലഞ്ചിന് യുഡിഎഫ് അനുകൂലമാണ്. എന്നാല്‍ അതിന്റെ പേരിലുള്ള നിര്‍ബന്ധിത പിരിവിനെ അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

ധനമന്ത്രി തോമസ് ഐസക്ക് സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകായാണ്. സാലറി ചലഞ്ചിന്റെ പേരിലുള്ള ഈ നടപടി അനുവദിക്കില്ല. ധനമന്ത്രിയും മുഖ്യമന്ത്രിയും രണ്ട് രീതിയിലാണ് കാര്യങ്ങള്‍ പറയുന്നത്. ധനമന്ത്രി മുടിയനായ പുത്രനെപ്പോലെയാണ് പെരുമാറുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സാലറി ചലഞ്ചിനെ അംഗീകരിച്ചു എന്ന് കരുതി തലയില്‍ കയറി ഇരിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. സൗജന്യ റേഷന്‍ എന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്നത് ശുദ്ധ തട്ടിപ്പ് ആണ്. ഗുണനിലവാരമില്ലാത്ത അരിയാണ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നതെന്ന പരാതി ഉയരുന്നതായും ചെന്നിത്തല ചൂണ്ടിക്കാട്ടി.