മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം അടച്ചശേഷം റെസീപ്റ്റ് അയച്ചാല്‍ ഫ്രീയായി ഇംഗ്ലീഷ് പഠിക്കാന്‍ അവസരം; ആശയവുമായി എന്‍ഐടി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

single-img
2 April 2020

രാജ്യമാകെ ലോക്ക് ഡൗണിലിരിക്കെ ഇതാ വിവിധ വിനോദ വിജ്ഞാന പരിപാടികളുമായി സര്‍ക്കാരും സന്നദ്ധ സംഘടനകളും രംഗത്ത്. ജനങ്ങള്‍ പൂര്‍ണ്ണമായും വീട്ടില്‍ ഇരിക്കാന്‍ നിര്‍ബന്ധിതമായ 21 ദിവസത്തിലെ ബാക്കിയുള്ള ദിവസങ്ങളില്‍ ഇംഗ്ലീഷ് പഠിക്കാന്‍ അവസരമൊരുക്കുകയാണ് കോഴിക്കോട് എന്‍ഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍.

ഇതിനായി ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ വീട്ടിലിരുന്നുതന്നെ ഇംഗ്ലീഷ് പഠിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. പ്രധാന പ്രത്യേകത നിങ്ങള്‍ക്ക് ഈ കോഴ്‌സിന് ചേരാന്‍ ഫീസ് ആവശ്യമില്ല എന്നതാണ്. പക്ഷെ ചേരാന്‍ ഇവര്‍ ഒരു നിബന്ധന മുന്നോട്ടുവയ്ക്കുന്നുണ്ട്. അത് സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമടച്ച് അതിന്റെ റെസീപ്റ്റ് അയച്ചുകൊടുക്കുന്നവര്‍ക്കാണ് പ്രവേശനം എന്നതാണ്.

മുഖ്യമന്ത്രിതന്നെഇന്നത്തെ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ സമയം കേരളത്തില്‍ 45 ലക്ഷം വിദ്യാര്‍ത്ഥികളാണ് വീട്ടിലിരിക്കുന്നത്. ഇവര്‍ക്കായി വിനോദവും വിജ്ഞാനവും പകരാന്‍ കൈറ്റിന്റെയും എസ്ഇആര്‍ടിയുടെയും ആഭിമുഖ്യത്തില്‍ സമഗ്ര എന്ന പോര്‍ട്ടലിലൂടെ ആവധിക്കാല സന്തോഷങ്ങള്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.