തമിഴ്നാട്ടില്‍ തിരുവള്ളുവര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം; അജ്ഞാതര്‍ ചാണകം തളിച്ചു
തമിഴ്നാട്ടിലെ തഞ്ചാവൂരിലുള്ള തിരുവള്ളുവര്‍ പ്രതിമയ്ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. അക്രമികള്‍ തിരുവള്ളുവറിന്‍റെ പ്രതിമയില്‍ ചാണകം തളിക്കുകയും ചെയ്തു. തഞ്ചാവൂരിലുള്ള പിള്ളയാർപട്ടി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടത്തിന് സമീപം സ്ഥാപിച്ച പ്രതിമയിലാണ് അഞ്ജാതർ ചാണകം തളിച്ചത്.
ചാണകം തളിച്ചതിന്റെ പുറമേ പ്രതിമയുടെ കണ്ണ് പേപ്പറും മണ്ണും ഉപയോഗിച്ച് മൂടിയ നിലയിലുമായിരുന്നു. ഇത് കണ്ട വഴിയാത്രക്കാരൻ തമിഴ് യൂണിവേഴ്സിറ്റിപോലീസിനെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിമ വൃത്തിയാക്കി പ്രതിമയിൽ പൂമാലയും ചാര്‍ത്തുകയും ചെയ്തു. അതേസമയം അക്രമത്തിനെതിരെ ഒരു വിഭാഗം തമിഴ് അനുകൂലികൾ സ്ഥലത്ത് പ്രതിഷേധിച്ചു.
അക്രമികളെ കണ്ടെത്തണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കവി തിരുവള്ളുവര്‍ കാവി വസ്ത്രവും രുദ്രാക്ഷവും ധരിച്ച രീതിയിലുള്ള ചിത്രങ്ങള്‍ നേരത്തെ ബിജെപി പ്രചരിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഇക്കാര്യത്തില്‍ ബിജെപിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ഡിഎംകെയും സിപിഎമ്മും രംഗത്തെത്തിയിരുന്നു.
തിരുവള്ളുവറിനെ ഹിന്ദു എന്ന രീതിയില്‍ ചിത്രീകരിക്കാനാണ് ബിജെപി നീക്കമെന്നും ഇത് അനുവദിക്കില്ലെന്നും ഡിഎംകെ വ്യക്തമാക്കിയിരുന്നു. ബിജെപി നടപടിയും നിലവിലെ സംഭവവും തമ്മിൽ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.