ബംഗാളില്‍ ഇടതുപാർട്ടികളുമായി സീറ്റ് ധാരണ; കോണ്‍ഗ്രസിന് സോണിയയുടെ പച്ചക്കൊടി

single-img
24 August 2019

പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികളുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അനുമതി. പശ്ചിമ ബംഗാള്‍ കോൺഗ്രസ് പ്രസിഡന്റ് സോമൻ മിത്രയുമായി സോണിയ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയിലാണ് അനുമതി ലഭിച്ചത്. ബംഗാളില്‍ കോണ്‍ഗ്രസ് ഇടതുപാർട്ടികളുമായി സീറ്റ് ധാരണയുണ്ടാക്കുമെന്ന് സോമൻ മിത്ര പറഞ്ഞു. ഇടതുമുന്നണി അംഗീകരിക്കുകയാണെങ്കിൽ സഖ്യത്തിന് ശ്രമിക്കണം എന്ന നിർദ്ദേശമാണ് സോണിയ ഗാന്ധി മുന്നോട്ട് വച്ചതെന്നും സോമൻ മിത്ര പറഞ്ഞു.

അടുത്ത്തന്നെ നടക്കാനുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സർക്കാരിനെതിരായാവും പോരാട്ടം എന്നതിനാലാണ് മമത ബാനർജിയുടെ ആവശ്യം സോണിയ ഗാന്ധി തള്ളിയതെന്നാണ് വിലയിരുത്തല്‍. ബംഗാളില്‍ ബിജെപിയുടെ മുന്നേറ്റം തടയാൻ സിപിഎമ്മും കോൺഗ്രസും തങ്ങൾക്കൊപ്പം നിൽക്കണമെന്നാണ് തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയായ മമത ബാനർജി പറഞ്ഞത്. അതേസമയം സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് പാർട്ടികളും കോൺഗ്രസും തമ്മിൽ സീറ്റ് ധാരണയുണ്ടാക്കിയിട്ടുണ്ട്.