കിം ജോങ് ഉന്‍ വ്ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും; റഷ്യയുമായുള്ള നയതന്ത്രബന്ധം ശക്തമാക്കാനൊരുങ്ങി ഉത്തരകൊറിയ

single-img
24 April 2019

അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഉത്തര കൊറിയ റഷ്യയുമായി നയതന്ത്രബന്ധം ശക്തമാക്കാന്‍ നീക്കം ആരംഭിച്ചു. ഇതിനായി കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം അവസാനം റഷ്യയിലെ വ്ലാഡിവോസ്റ്റോക്കില്‍ വെച്ചായിരിക്കും കൂടിക്കാഴ്ചയെന്ന് ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ യാതൊരു ഫലവും കാണാതെ പിരിയുകയും അന്താരാഷ്ട്ര തലത്തില്‍ നേരിടുന്ന ഉപരോധവും ഒറ്റപ്പെടലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുകയും ചെയ്യുന്ന പശ്ചാത്തിലത്തിലാണ് റഷ്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള ഉത്തര കൊറിയന്‍ നീക്കം. രണ്ട് രാജ്യങ്ങളുടെയും അതിര്‍ത്തിയോട് ചെര്‍ന്നുള്ള റഷ്യയിലെ തുറമുഖ നഗരമായ വ്‍ളാഡിവോസ്റ്റോക്കിലായിരിക്കും കൂടിക്കാഴ്ച.

നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര ബന്ധങ്ങളുണ്ട്. മാത്രമല്ല, 8000ല്‍ പരം ഉത്തരകൊറിയന്‍ തൊഴിലാളികള്‍ റഷ്യയില്‍ ജോലിചെയ്യുന്നുണ്ട്. ഐക്യരാഷ്ട്ര സഭാ ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അവസാനം ഇവരെ സ്വദേശത്തേക്ക് മടക്കണം.

ഈ സാഹചര്യത്തില്‍‌ കൂടിയാണ് കിം ജോങ് ഉന്‍ പുടിനെ സന്ദര്‍ശിക്കാന്‍ എത്തുന്നത്. ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലിന്റെ കാലത്ത് റഷ്യയുമായുള്ള ബന്ധം ദൃഢമായിരുന്നു.