കണ്ണൂരില്‍ മണല്‍ മാഫിയ പോലീസ് സംഘത്തെ ടിപ്പര്‍ലോറിയിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു

single-img
8 February 2014

കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ തങ്ങളെ പിന്തുടര്‍ന്ന പോലീസ് സംഘത്തെ മണല്‍ മാഫിയ ടിപ്പര്‍ലോറിയിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു .ഇരിട്ടി ഡി വൈ എസ് പി പി. സുകുമാരനും സംഘവുമാണ് അക്രമിക്കപ്പെട്ടത്.പി സുകുമാരനും പോലീസ് ഉദ്യോഗസ്ഥരായ അബ്ദുള്‍സലാം, ജന്‍സണ്‍ എന്നിവര്‍ക്കും പരിക്കേറ്റു. തലനാരിഴയ്ക്കാണ് തങ്ങള്‍ രക്ഷപെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.   ടിപ്പര്‍ ലോറി പൊലീസ് പിടിച്ചെടുത്തു. വാഹനത്തിലുണ്ടായിരുന്നവരെ പിടികൂടാനായില്ല.

ഇരിക്കൂര്‍ പുഴയില്‍ അനധികൃത മണല്‍വാരല്‍ സജീവമാണെന്ന വ്യാപക പരാതിയെത്തുടര്‍ന്നാണ് ഡി വൈ എസ് പിയും സംഘവും അന്വേഷണത്തിനിറങ്ങിയത്. പരിശോധനക്കെത്തുന്ന വിവരം ചോരാതിരിക്കാന്‍ സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. അര്‍ധരാത്രി മാമാനം അമ്പലത്തിനോട് ചേര്‍ന്നുള്ള വഴിയിലൂടെ മണലുമായി വരുകയായിരുന്ന ടിപ്പര്‍ ലോറിക്ക് പൊലീസ് കൈ കാണിച്ചു. എന്നാല്‍ വാഹനം നിര്‍ത്തിയില്ല. പിന്തുര്‍ന്നെത്തിയ പൊലീസ് സംഘം ടിപ്പറിനെ മറികടന്നു. ഇതോടെ ലോറിയിലുണ്ടായിരുന്നവര്‍ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു.തുടര്‍ന്ന് മണല്‍ കടത്തുസംഘം ഓടി രക്ഷപ്പെട്ടു. നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ലോറിയാണ് പോലീസ് ഉദ്യോഗസ്ഥരുടെ വാഹനത്തില്‍ ഇടിച്ചത്.

മട്ടന്നൂര്‍ സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസുകാരെത്തി ലോറി കസ്റ്റഡിയിലെടുത്തു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന കിട്ടിയതായി പൊലീസ് സംഘം പറയുന്നു.