എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരായ ലൈം​ഗിക അതിക്രമ പരാതിയിൽ പരാതിക്കാരിയായ ഡോക്ടറിൽ നിന്ന് ഇന്ന് മൊഴിയെടുക്കും

single-img
2 September 2023

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരായ ലൈം​ഗിക അതിക്രമ പരാതിയിൽ പരാതിക്കാരിയായ ഡോക്ടറിൽ നിന്ന് ഇന്ന് മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വിദേശത്തുള്ള ഡോക്ടറിൽ നിന്ന് ഓൺലൈനായിട്ടായിരിക്കും മൊഴിയെടുക്കുക. മൊഴി പ്രകാരം ഇന്ന് തന്നെ എഫ് ഐ ആർ റജിസ്റ്റർ ചെയ്യാനുള്ള തീരുമാനത്തിലാണ് കൊച്ചി സെൻട്രൽ പൊലീസ്. 

എറണാകുളം ജനറൽ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ക്കെതിരെയാണ് ലൈംഗിക അതിക്രമം ആരോപിച്ച് വനിതാ ഡോക്ടറുടെ പരാതി.  സീനിയര്‍ ഡോക്ടർ ബലമായി ചുംബിച്ചെന്ന വനിതാ ഡോക്ടറുടെ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. 2019ല്‍ നടന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും ഡോക്ടര്‍ പരാതി നല്‍കിയിട്ടുണ്ട്.

2019ല്‍ എറണാകുളം ജില്ലാ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വനിതാ ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശം. അന്ന് ഫോണ്‍ വഴി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. 

ഇപ്പോള്‍ എറണാകുളം ജില്ലാ ആശുപത്രി സൂപ്രണ്ടിനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും വീണ്ടും പരാതി നല്‍കിയിരിക്കുകയാണ്. ആരോപണ വിധേയനായ ഡോക്ടര്‍ ഇപ്പോള്‍ മറ്റൊരു ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. പരാതി മറച്ചുവെച്ചോ എന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ കൃത്യമായി അറിയാന്‍ അന്വേഷണം നടത്താനും നിര്‍ദേശമുണ്ട്. ഇക്കാര്യം ആരോഗ്യ വകുപ്പിന്റെ വിജിലന്‍സ് വിഭാഗമായിരിക്കും അന്വേഷിക്കുക.