വരനായ എംഎൽഎ വിവാഹത്തിനെത്തിയില്ല; പോലീസിൽ പരാതിയുമായി വധു

single-img
20 June 2022

മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച വിവാഹ ചടങ്ങിന് എത്താതിരുന്ന എംഎൽഎ കൂടിയായ പോലീസിൽ പരാതിയുമായി പ്രതിശ്രുത വധു. ഒഡീഷയിലെ നിയമസഭാംഗം ബിജയ് ശങ്കർ ദാസിനെതിരെയാണ് പ്രതിശ്രുത വധു സൊമാലിക ദാസ് പോലീസിൽ പരാതി നൽകിയത്.

ദീർഘകാലമായി താൻ എംഎൽഎയുമായി അടുപ്പത്തിലായിരുന്നെന്നും സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് വിവാഹിതരാകാൻ തീരുമാനിച്ചെങ്കിലും എംഎൽഎ ചടങ്ങിനെത്തിയില്ലെന്നുമാണ് സൊമാലിക പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംസ്ഥാനത്തെ ടിർട്ടോളിൽ നിന്നുള്ള ബിജെഡി എംഎൽഎയാണ് ബിജയ് ശങ്കർ ദാസ്.

ഈ മാസം 17ന് വെള്ളിയാഴ്ച ജഗത്സിംഗ്പൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് വിവാഹിതരാകാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. പക്ഷെ വിവാഹ ദിവസം എംഎൽഎ സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയില്ല. ഇതോടുകൂടിയാണ് വധു പോലീസിനെ സമീപിച്ചത്.

സൊമാലിക ദാസും ബന്ധുക്കളും കൃത്യ സമയത്ത് തന്നെ വിവാഹത്തിനായി സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയിരുന്നു. എന്നാൽ എംഎൽഎയോ, അദ്ദേഹത്തിന്‍റെ ബന്ധുക്കളോ ഒന്നും ചടങ്ങിലേക്ക് എത്തിയില്ല. മൂന്ന് മണിക്കൂറോളം ഓഫീസിൽ കാത്ത് നിന്നിട്ടും എംഎൽഎ എത്താതെ ആയതോടെ ഇതോടെ താനും ബന്ധുക്കളും മടങ്ങുകയായിരുന്നെന്നാണ് സൊമാലികയുടെ പരാതിയിൽ പറയുന്നത്. വരനായ ബിജയ് ശങ്കർ ദാസിന്‍റെ അമ്മാവനും മറ്റു ബന്ധുക്കളും ചേർന്ന് അദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയായിരുന്നെന്നും അതുകൊണ്ടാണ് എംഎൽഎ വിവാഹത്തിന് എത്താതിരുന്നതെന്നുമാണ് യുവതി ആരോപിക്കുന്നത്.

ഇതിനെല്ലാം പുറമെ ബിജയ് ശങ്കർ ദാസിനെതിരെയും പരാതിയിൽ ഗുരുതര ആരോപണങ്ങൾ സൊമാലിക ദാസ് ഉന്നയിച്ചിട്ടുണ്ട്. എംഎൽഎ തന്നെ വഞ്ചിച്ചെന്നു ഉപദ്രവിച്ചെന്നും പറയുന്ന പ്രതിശ്രുത വധു, അദ്ദേഹം തനിക്ക് തന്ന വാക്ക് പാലിച്ചില്ലെന്നും തന്‍റെ ഫോൺ കോളുകളോട് പ്രതികരിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.

അതേസമയം, സൊമാലിക ഉയർത്തിയ ആരോപണങ്ങൾ എംഎൽഎ നിഷേധിക്കുകയാണ് ചെയ്തത്. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇനിയും 60 ദിവസങ്ങൾ ബാക്കിയുണ്ടെന്നാണ് അദ്ദേഹം പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചത്. മാത്രമല്ല, ആ ദിവസം വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു വിവരവും ലഭിച്ചിരുന്നില്ലെന്നും ബിജയ് ശങ്കര്‍ പറഞ്ഞു.