തൃക്കാക്കരയിൽ യുഡ‍ിഎഫിൻ്റെ മുന്നേറ്റം; കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ളാദ പ്രകടനം ആരംഭിച്ചു

single-img
3 June 2022

ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരവേ തൃക്കാക്കരയിൽ യുഡ‍ിഎഫിൻ്റെ മുന്നേറ്റം. തൃക്കാക്കര തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ മൂന്ന് റൗണ്ട് പൂര്‍ത്തിയാക്കിയപ്പോൾ ഉമാ തോമസിൻ്റെ ലീഡ് ആറായിരത്തിൽ എത്തി.

നേരത്തെ 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ സമയം പിടി തോമസ് നേടിയ ലീഡിനേക്കാൾ ഇരട്ടി വോട്ടുകൾ പിടിച്ചാണ് തൃക്കാക്കരയിൽ ഉമാ തോമസ് മുന്നിട്ട് നിൽക്കുന്നത്. അത്ഭുതങ്ങളൊന്നും സംഭവിച്ചെല്ലങ്കിൽ മകിച്ച വിജയം ഉറപ്പിക്കുകയാണ് യുഡിഎഫും ഉമാ തോമസും.

വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ത‍ൃക്കാക്കര മണ്ഡലത്തിലെ കൊച്ചി നഗരമേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എന്നാൽ നഗരമേഖലയിൽ തന്നെ മികച്ച ലീഡ് ഉമാ തോമസ് കരസ്ഥമാക്കിയതോടെ ട്രെൻഡ് വ്യക്തമായി. ആകെ പോൾ ചെയ്ത വോട്ടുകളിൽ കാൽഭാഗം എണ്ണി തീര്‍ന്നപ്പോൾ തന്നെ ആറായിരം വോട്ടുകളുടെ ലീഡാണ് ഉമ നേടിയത്. അഞ്ച് റൗണ്ട് വോട്ടെണ്ണൽ ബാക്കി നിൽക്കേ പിടി തോമസിനും മുകളിലേക്ക് ഉമയുടെ ലീഡ് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്.

കഴിഞ്ഞ തവണ മൂന്നാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ 3335 വോട്ടുകളുടെ ലീഡായിരുന്നു പിടിക്ക്. എന്നാൽ ഇക്കുറി മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ ആറായിരത്തിനും മേലെ ലീഡിലേക്ക് ഉമയെത്തി. ആദ്യ റൗണ്ടിൽ യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ വോട്ടുകളാണ് എണ്ണിയത്. ഇവിടെ പിടിക്കും മേലെ ലീഡ് ഉമ പിടിച്ചു. പ്രതീക്ഷിച്ചതിലും വലിയ ലീഡിക്ക് ആദ്യറൗണ്ടിൽ ഉമ എത്തിയതിന് തൊട്ടുപിന്നാലെ വോട്ടിംഗ് കേന്ദ്രമായ മഹാരാജാസ് കോളേജിന് മുന്നിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ളാദ പ്രകടനം ആരംഭിച്ചു.