തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്

single-img
31 May 2022

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പോളിംഗ് ഇപ്പോൾ പുരോഗമിക്കുന്നു. ഇന്ന് രാവിലെ 7 മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. മൂന്ന് പ്രധാന മുന്നണികളും വിജയ പ്രതീക്ഷയിലാണ്. രാവിലെ 6 മണി മുതല്‍ തന്നെ പല ബൂത്തുകളിലും വോട്ട് ചെയ്യാന്‍ സമ്മതിദായകര്‍ എത്തിത്തുടങ്ങിയിരുന്നു.

മണ്ഡലത്തിലെ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഉമാ തോമസ് കലൂര്‍ പള്ളിയിലും പാലാരിവട്ടം ഹരിഹരസുത ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാണ് പോളിംഗ് സ്‌റ്റേഷനില്‍ എത്തി വോട്ട് രേഖപ്പെടുത്തിയത്. ഫലം വരുമ്പോൾ യുഡിഎഫ് ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുമെന്ന് ഉമാ തോമസ് പ്രതികരിച്ചു.

എൽഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും ഭാര്യയും പടമുകളിലെ ഗവ.യു പി സ്‌കൂളിലെ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫിന്റെ വിജയത്തില്‍ സംശയമില്ലെന്ന് ജോ ജോസഫ് പ്രതികരിച്ചു. അതേസമയം, ലൊയോള എല്‍പി സ്‌കൂളിലെ ബൂത്തിലെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ സമീപത്ത് വച്ച് മാധ്യമങ്ങളെ കണ്ടത് പോലീസ് ഇടപെട്ട് തടഞ്ഞിരുന്നു. ബൂത്തിന് പുറത്ത് വച്ചേ മാധ്യമങ്ങളെ കാണാന്‍ പാടുള്ളൂ എന്ന് പോലീസ് വ്യക്തമാക്കുകായിരുന്നു.