ആര്‍എസ്എസിനെ നേരിടാന്‍ ബ്ലോക്ക് തലത്തിൽ കാര്യകർത്താക്കൾ; പുതിയ നിർദ്ദേശവുമായി കോൺഗ്രസ് ചിന്തന്‍ ശിവിർ

single-img
14 May 2022

ആര്‍എസ്എസിനെ നേരിടാനായി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി തലത്തില്‍ കാര്യകര്‍ത്താക്കളെ നിയോഗിക്കണമെന്ന് ചിന്തന്‍ ശിവിറില്‍ നിര്‍ദേശം. ഇതോടൊപ്പം പുതിയ വ്യക്തികളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയും അവരെ രാഷ്ട്രീയവല്‍ക്കരിക്കുകയുമാണ് ഇവര്‍ക്കുണ്ടാകേണ്ട ഉത്തരവാദിത്വം മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യ നീതി സമിതി നൽകിയ നിർദ്ദേശത്തിൽ പറയുന്നത്.

കോൺഗ്രസ് പാർട്ടിയുടെ സംഘടന സംവിധാനത്തില്‍ 50% ദളിത്, ആദിവാസി, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് നല്‍കണം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണം. തുടർച്ചയായി അഞ്ച് വര്‍ഷം വിവിധ പാര്‍ട്ടി സംഘടനകളില്‍ പ്രവര്‍ത്തിച്ച വനിതാ നേതാക്കള്‍ക്ക് പാര്‍ട്ടി സമിതികളില്‍ പ്രാതിനിധ്യം നല്‍കണമെന്നും സമിതിയുടെ നിർദ്ദേശങ്ങളിലുണ്ട്.

ഇതോടൊപ്പം തന്നെ രാജ്യത്തെ ആദിവാസി, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങളും ആഭിമുഖ്യങ്ങളും പഠിക്കുന്നതിന് വേണ്ടി വിവിധ സര്‍വേകള്‍ നടത്തണം. ഈ പഠനത്തിന് ശേഷം നിലപാടും അഭിപ്രായവും പാര്‍ട്ടി വിവിധ ഘടകങ്ങളില്‍ സ്വീകരിക്കണം. ഇത് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.