എന്നെ പുറത്താക്കേണ്ടത് എഐസിസി; കെപിസിസി അധ്യക്ഷൻ നുണ പറയുന്നു: കെവി തോമസ്

single-img
13 May 2022

കോൺഗ്രസിൽ നിന്നും തന്നെ പുറത്താക്കി എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മുതിർന്ന നേതാവ് കെവി തോമസ് . തന്നെ പുറത്താക്കേണ്ടത് എഐസിസി ആണെന്നും കെപിസിസി അധ്യക്ഷൻ നുണ പറയുകയാണെന്നുമായിരുന്നു പുറത്താക്കിയ കെ സുധാകന്റെ വാക്കുകളോടുള്ള കെവി തോമസിന്റെ പ്രതികരണം.

അതേസമയം, കോൺഗ്രസ് സംസ്ക്കാരത്തിൽ നിന്നും മാറാൻ തനിക്ക് കഴിയില്ലെന്നും അതിനാൽ താൻ എൽഡിഎഫിലേക്ക് പോകില്ലെന്നും കെവി തോമസ് വ്യക്തമാക്കി. കോൺഗ്രസ് പ്രസക്തി നഷ്ടപ്പെട്ട് അസ്തികൂടമായി മാറി. എൽഡിഎഫിലേക്ക് പോകില്ല. സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനമെന്നും കെ വി തോമസ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഏതാനും മാസങ്ങളായി നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന കെവി തോമസിനെ പുറത്താക്കിയതായി കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് അറിയിച്ചത്. തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൺവെൻഷനിൽ പങ്കെടുത്ത് ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് പുറത്താക്കൽ നടപടി.