ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു

single-img
9 May 2022

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജി വച്ചു. രാജപക്സെ സഹോദരന്മാരായ പ്രസിഡന്റ് ഗോതബായ രാജപക്സെയും പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും സ്ഥാനത്തു നിന്നും മാറില്ലെന്നും പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്.

ഏതാനും ദിവസമായി മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഓഫീസിന് പുറത്ത് പ്രതിഷേധക്കാര്‍ തമ്പടിച്ചിരുന്നു.

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ മഹിന്ദ അനുകൂലികള്‍ അക്രമം അഴിച്ചു വിട്ടിരുന്നു. സര്‍ക്കാര്‍ വിരുദ്ധ സമര വേദി മഹിന്ദ അനുകൂലികള്ഡ തകര്‍ക്കുകയും പ്രതിപക്ഷ നേതാവിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ രാജ്യവ്യാപകമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും തലസ്ഥാനത്ത് സൈനിക സേനയെ വിന്യസിക്കുകയും ചെയ്തു. ഇന്ന് പ്രസിഡന്റ് അക്രമങ്ങളെ അപലപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്.