കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളർത്തുകേന്ദ്രം; കേരളത്തിലെ ജനസമൂഹം അസ്വസ്ഥരാണ്: ജെ പി നദ്ദ

single-img
6 May 2022

കേരളാ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കേരളത്തിലെ പിണറായി വിജയൻ സർക്കാർ ഇസ്ലാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും കേരളം ഇപ്പോൾ ഒരു ഇസ്ലാമിക തീവ്രവാദത്തിന്റെ വളർത്തു കേന്ദ്രമായെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളോട് എല്ലാവരോടും തുല്യമായി പെരുമാറുന്നുവെന്നാണ് പിണറായി സർക്കാർ ഭാവിക്കുന്നത്. പക്ഷെ ഇസ്ലാമിക ഭീകരവാദികളെ സഹായിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കപ്പെടുന്നതിനാൽ ഇവിടെയുള്ള ജനസമൂഹം അസ്വസ്ഥരാണ്.

മതങ്ങളുടെ അടിസ്ഥാനത്തിൽ ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങൾ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. ക്രിസ്ത്യൻ മത സമൂഹം അടക്കം ഇതിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. അവർ നാർക്കോട്ടിക്ക് ജിഹാദിനെക്കുറിച്ച് പറയുന്നു. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനല്ല പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നതെന്നും നദ്ദ ആരോപിച്ചു.

കപട മതേതരത്വമാണ് പിണറായി സർക്കാർ കാണിക്കുന്നത്. ജനങ്ങളെ വിഭജിച്ച് ഭരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന് അവസാനം വേണമെന്നും നദ്ദ ആവശ്യപ്പെട്ടു. 2016ൽ 55 കൊലപാതകങ്ങൾ നടന്നു. അതിൽ 12-ും മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണ് നടന്നത്. 1019 കൊലപാതകങ്ങളാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്നത്. അതിൽ 83 എണ്ണം സംഘടിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും നദ്ദ കോഴിക്കോട് നടന്ന പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു.