പീഡനത്തിനിരയായെന്ന് പരാതി നൽകാൻ സ്റ്റേഷനിലെത്തിയ 13കാരിയെ ബലാത്സംഗം ചെയ്തു; യുപിയിൽ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

single-img
4 May 2022

യുപിയിൽ പ്രായപൂര്‍ത്തിയാകാത്ത 13 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. എസ്‌എച്ച്ഒയായ തിലക്ധാരി സരോജിനെ പോക്സോ വകുപ്പുകള്‍ ചുമത്തി പ്രയാഗ് രാജിൽ വെച്ചാണ്അറസ്റ്റ് ചെയ്തെന്ന് യുപി പൊലീസ് അറിയിച്ചു.

താൻ ബലാൽസംഗത്തിനിരയായെന്ന് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ 13കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. യുപിയിലെ ലളിത്പൂരിലാണ് സംഭവം. പെൺകുട്ടിയെ നാല് പേർ ചേര്‍ന്ന് ഏപ്രിൽ 22ന് ഭോപ്പാലിലേക്ക് കൊണ്ടുപോയി നാല് ദിവസത്തോളം ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ പ്രതികളില്‍ നിന്ന് രക്ഷപ്പെട്ട് ഗ്രാമത്തിലെത്തിയ പെണ്‍കുട്ടി നീതി തേടി പൊലീസിനെ സമീപിക്കുകയായിരുന്നു.

പരാതിയിലെ മൊഴി രേഖപ്പെടുത്തുന്നതിനായി അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച പെണ്‍കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു. ഈ സമയം കുട്ടിയുടെ അമ്മായിയും പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു. നിലവിലെ എഫ്ഐആറില്‍ ഇവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

‘ഒരു സന്നദ്ധ സംഘടനയാണ് പെണ്‍കുട്ടിയെ എന്‍റെ ഓഫീസിലേക്ക് കൊണ്ടുവന്നത്. സംഭവിച്ചത് എന്താണെന്ന് വിശദമായി പെണ്‍കുട്ടി സന്നദ്ധ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കേസെടുക്കുമെന്ന് ഞാനവര്‍ക്ക് ഉറപ്പ് നല്‍കി. എസ്എച്ച്ഒയെ ഇതിനകം സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്’- ലളിത്പൂര്‍ പൊലീസ് ചീഫ് നിഖില്‍ പഥക് പറഞ്ഞു.