അമേരിക്കയിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്‌റ്റേഡിയം നിർമിക്കാൻ ഷാരൂഖ് ഖാൻ

single-img
30 April 2022

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. ഇതിനുവേണ്ടി യുഎസ് എംഎൽസിയുമായി സഹകരിക്കുമെന്ന് ഷാരൂഖ് ഖാൻ പ്രഖ്യാപിച്ചു.

നിലവിൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ മെട്രോപൊളിറ്റൻ ഏരിയകളിലൊന്നായ ലോസ് ഏഞ്ചൽസിലെ സ്റ്റേഡിയത്തിന്റെ നിർമ്മാണം ക്രിക്കറ്റിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഷാരൂഖ് പ്രസ്താവനയിൽ പറഞ്ഞു. ഷാരൂഖിന്റെ ഉടമസ്ഥതയിലുളള ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പേരിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. അമേരിക്കയിൽ മേജർ ലീഗ് ക്രിക്കറ്റുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുക.

അമേരിക്കയുടെ മേജർ ലീഗ് ക്രിക്കറ്റിന്റെ അമേരിക്കയിലെ ഭാവി മുന്നിൽ കണ്ടാണ് നിക്ഷേപമിറക്കുന്നതെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്രസ്താവനയിൽ അറിയിച്ചു. ഒരേ സമയം 10,000 പേരെ ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന തരത്തിലായിരിക്കും സ്‌റ്റേഡിയത്തിന്റെ നിർമ്മാണം. ഇൻവിർ നഗരത്തിൽ 15 ഏക്കർ സ്ഥലത്താണ് സ്‌റ്റേഡിയം നിർമ്മിക്കുന്നത്. അമേരിക്കൻ ക്രിക്കറ്റിന്റെ ഭാവിയിലുള്ള വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് എംഎൽസിയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചതെന്ന് ഷാരൂഖ് ഖാൻ അറിയിച്ചു. ഷാരൂഖ് ഖാൻ, നടി ജൂഹി ചൗള, ഭാര്യ ജയ മേത്ത എന്നിവരുടെ ഉടമസ്ഥതയിലുള്ള കെആർജിയാണ് കരാറിൽ ഒപ്പിട്ടത്.

പുതിയ സ്റ്റേഡിയത്തിൽ അത്യാധുനിക പരിശീലന സൗകര്യങ്ങൾ, ലോക്കർ റൂമുകൾ, ലക്ഷ്വറി സ്യൂട്ടുകൾ, പ്രത്യേക പാർക്കിംഗ് സെന്ററുകൾ, ഫീൽഡ് ലൈറ്റിംഗ്, അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പിച്ച് എന്നിവ ഉൾപ്പെടുത്തും. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ അക്രഡിറ്റേഷൻ നേടുന്നതിനും അന്താരാഷ്‌ട്ര ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുന്നതിന് വേദി പ്രാപ്തമാക്കുന്നതിനുമാണിത്.