പി സി ജോര്‍ജ്ജിനെ കേസെടുത്ത് ജയിലിലിടാന്‍ പൊലീസ് തയ്യാറാകണം: ഷാഫി പറമ്പിൽ

single-img
30 April 2022

ഹിന്ദുമഹാ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ മുൻ എംഎൽ എ പി സി ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. സമൂഹത്തിൽ ജനങ്ങളെ തമ്മിലടിപ്പിക്കല്‍ ശ്വാസവായുവും തൊഴിലുമാക്കിയ പി സി ജോര്‍ജ്ജിനെ കേസെടുത്ത് ജയിലിലിടാന്‍ പൊലീസ് തയ്യാറാകണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

സാംക്രമിക രോഗമായി പടരാന്‍ ആഗ്രഹിക്കുന്ന വര്‍ഗീയതയുടെ സഹവാസിയാണ് പി സി ജോർജ്ജ് എന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിൽ ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ്‌ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നുമുള്‍പ്പടെ നിരവധി തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളാണ് പി സി ജോര്‍ജ് പ്രസംഗത്തിലുടനീളം സംസാരിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ യൂത്ത് ലിഗ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുമുണ്ട്.