വിജയ് ബാബുവിനെതിരായ ബലാത്സംഗകേസ്; നിർണായക തെളിവുകൾ ശേഖരിച്ച് പൊലീസ്

single-img
29 April 2022

നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിൽ നിർണായക തെളിവുകൾ ശേഖരിച്ച് പൊലീസ് . വിജയ് ബാബുവും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

യുവതി ഉയർത്തിയ പീഡനപരാതി ബലപ്പെടുത്തുന്ന തരത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പൊലീസിന് ലഭിച്ചു. അതേസമയം ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. എറണാകുളം പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.

മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിയിലുള്ളത്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായെന്നും നടിയുടെ പരാതിയിലുണ്ടായിരുന്നു.

നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ശേഖരിച്ചത്. മൊഴിയിൽ പറയുന്ന സ്ഥലങ്ങളിൽ പരാതിക്കാരിയോടൊപ്പം അന്വേഷണസംഘം രഹസ്യമായി ചെല്ലുകയും പരാതിയിൽ പറയുന്ന സ്ഥലങ്ങളിൽ അതേസമയത്ത് ഇരുവരും എത്തി എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കൊച്ചി പനമ്പള്ളി നഗറിലെ ഒരു ആഡംബര ഹോട്ടലിൽ നിന്നും പൊലീസ് ശേഖരിച്ചു. ഇവരെ കണ്ടതായുള്ള സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചു. സാക്ഷികളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.