പാലക്കാട് ജില്ലയില്‍ ഏപ്രിൽ 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

single-img
16 April 2022

തുടർച്ചയായി നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ ഏപ്രിൽ 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. ഇന്നലെയാണ് ജില്ലയില്‍ എസ്ഡിപിഐ പ്രവര്‍ത്തനെ കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സുബൈര്‍ എന്ന യുവാവിന്റെ കൊലപാതകം.

പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിര്‍വശത്തു നിന്ന് ഇടിച്ചു വീഴ്ത്തി. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയില്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സാരമായി പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈര്‍. തൊട്ടു പിന്നാലെ ഇന്ന് ഉച്ചയോടെയായിരുന്നു ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന് വെട്ടേറ്റ് കൊല്ലപ്പെട്ടത്.

ഇത് പാലക്കാട് മേലാമുറിയില്‍ വച്ചായിരുന്നു സംഭവം. തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ഇരുചക്ര വാഹനങ്ങളിലായി എത്തിയ സംഘം ശ്രീനിവാസനുണ്ടായിരുന്ന എസ്‌കെ ഓട്ടോ റിപ്പയര്‍ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം.ഈ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആരോപിച്ചു.