ഭക്ഷ്യക്ഷാമമുള്ള ലോകരാജ്യങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കൾ കൈമാറാന്‍ ഇന്ത്യ തയ്യാർ; ബൈഡനെ അറിയിച്ച് മോദി

single-img
12 April 2022

റഷ്യ- ഉക്രൈൻ യുദ്ധത്തെ തുടർന്ന് പലരാജ്യങ്ങളും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോൾ തന്നെ 80 കോടി പേര്‍ക്കാണ് ഇന്ത്യ സൗജന്യമായി ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നത്.

നിലവിൽ വിവിധ ലോകരാജ്യങ്ങളിൽ ഭക്ഷ്യവസ്തുക്കള്‍ക്ക് വലിയ ക്ഷാമം അനുഭവപ്പെടുകയാണ്. ലോകവ്യാപാര സംഘടനയുടെ അനുമതി ലഭിച്ചാൽ ഭക്ഷ്യവസ്തുക്കള്‍ ലോകരാജ്യങ്ങള്‍ക്ക് കൈമാറാന്‍ തയാറാണെന്ന് താന്‍ അമേരിക്കൻ പ്രസിഡന്റ് ബൈഡനെ അറിയിച്ചതായി മോദി പറഞ്ഞു.

ഞങ്ങളുടെ ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം ഇവിടെയുണ്ട്. പക്ഷെ ഇന്ത്യയിലെ കര്‍ഷകര്‍ വിചാരിക്കുകയാണെങ്കില്‍ ലോകരാജ്യങ്ങളേയും അവര്‍ക്ക് പോറ്റാന്‍ സാധിക്കും. ഇപ്പോഴുള്ള നിയമങ്ങള്‍ അനുസരിച്ച് മാത്രമേ ഇന്ത്യക്ക് പ്രവര്‍ത്തിക്കാനാവു. ഈ വിഷയത്തിൽ ലോക വ്യാപാര സംഘടനയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.