‘ഹിന്ദി തെരിയാത് പോടാ’; അമിത് ഷായ്‌ക്കെതിരെ തമിഴ്‌നാട്ടിൽ ഹാഷ്ടാഗ് ക്യാമ്പയിൻ

single-img
11 April 2022

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആശയവിനിമയം നടത്താന്‍ ഭരണഭാഷയായ ഹിന്ദി ഭാഷ ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടില്‍ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. ‘ഹിന്ദി തെരിയാത് പോടാ’ എന്ന ഹാഷ്ടാഗോടെയാണ് അമിത് ഷായുടെ പ്രസ്താവനക്കെതിരെ വിമര്‍ശനം ഉയരുന്നത്.

വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ക്യാമ്പയിന്‍ വൈറലായി കഴിഞ്ഞു. സംസ്ഥാനത്തെ രാഷ്ടീയ ഇടങ്ങളില്‍ ഉള്‍പ്പടെ അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ബലമായി ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ എന്നും ശക്തമായി പോരാടിയ സംസ്ഥാനമാണ് തമിഴ്‌നാട്.

ഇക്കാര്യത്തിൽ ഇവിടെ ഡിഎംകെ ഉള്‍പ്പടെ ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രം ഓര്‍മ്മപ്പെടുത്തിയാണ് ഡിഎംകെ പ്രതിഷേധം അറിയിച്ചത്. ഭാഷയുടെ പേരിൽ ഇന്ത്യയുടെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന് തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ഓര്‍മ്മിപ്പിച്ച് ഡിഎംകെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.