കളര്‍ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച് സ്വന്തമായി കള്ളനോട്ട് അടിച്ച് പുറത്തിറക്കി; തമിഴ്‌നാട്ടിൽ ഒരാൾ പിടിയിൽ

single-img
8 April 2022

കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷീൻ ഉപയോഗിച്ച് സ്വന്തമായി കള്ളനോട്ട് അടിച്ച് പുറത്തിറക്കിയ ആളെ തമിഴ്‌നാട് പൊലീസ് പിടികൂടി. കമ്പം സ്വദേശിയായ ഗുണശേഖരനാണ് പിടിയിലായത്. പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടില്‍ നിന്ന് 87,870 രൂപയുടെ കള്ളനോട്ടുകളും കളര്‍ പ്രിന്റ് മെഷിനും, കട്ടിംങ്ങ് മെഷിനും കണ്ടെത്തി.

പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ പുതിയ നോട്ടുകളാണ് ഇയാള്‍ അച്ചടിച്ചിരുന്നത്. ഇയാള്‍ കള്ളനോട്ടുകള്‍ സ്വന്തമായി അച്ചടിച്ച് ഉപയോഗിക്കുകയായിരുന്നു. ഏറ്റവും പുതിയ 100 രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തതില്‍ കൂടുതലും. കമ്പത്തുള്ള സ്വകാര്യ കല്യാണ മണ്ഡപത്തിന് സമീപത്തു നിന്നുമാണ് ഗുണശേഖരനെ പൊലീസ് പിടികൂടുന്നത്.

പൊലീസിന് സംശയം തോന്നിയ ഇയാളെ പരിശോധിച്ചപ്പോള്‍ 100 രൂപയുടെ ഒരേ സീരിയല്‍ നമ്പറുള്ള നിരവധി നോട്ടുകള്‍ ഇയാളില്‍ നിന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് കൂടുതലായി നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കഴിഞ്ഞ നാല് മാസമായി കള്ളനോട്ട് അടിക്കാറുണ്ടെന്ന് മൊഴി നല്‍കി. കമ്പം സതേണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ലാവണ്യയുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.