കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടാൽ കെ വി തോമസ് വഴിയാധാരമാവില്ല: എംവി ജയരാജൻ

single-img
7 April 2022

കോൺഗ്രസ് സംസ്ഥാന – ദേശീയ നേതൃത്വങ്ങളുടെ നിർദ്ദേശം മറികടന്ന് സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ കെ വി തോമസ് പങ്കെടുക്കുമോ എന്നതിനെ ചൊല്ലിയുടെ വാദപ്രതിവാദങ്ങൾ പുരോഗമിക്കുന്നതിനിടെ നിലപാടറിയിച്ച് സിപിഎം നേതാക്കൾ. സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തുവെന്നത് കൊണ്ട് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടാൽ കെ വി തോമസ് വഴിയാധാരമാവില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു.

പാർട്ടിയുടെ സെമിനാറിലേക്കാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ഇനിയുള്ള കാര്യങ്ങൾ പറയേണ്ടത് അദ്ദേഹമാണ്. സെമിനാർ വിലക്ക് കോൺഗ്രസിൻ്റെ തിരുമണ്ടൻ തീരുമാനമാണെന്നും ആർ എസ് എസ് മനസുള്ളവരാണ് കെവി തോമസിനെ വിലക്കുന്നതെന്നും ജയരാജൻ പ്രതികരിച്ചു.

ജവഹർലാൽ നെഹ്റുവിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസുകാർ കെ വി തോമസ് സെമിനാറിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹഹിക്കുന്നത്. കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്കാണ് കെ വി തോമസിനെ ക്ഷണിച്ചിട്ടുള്ളത്. കോൺഗ്രസിന്റെ നിലപാട് പറയാനുള്ള വേദിയായി അതിനെ ഉപയോഗിക്കാവുന്നതാണ്. പക്ഷേ വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്നതാണ് ദേശീയ കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയെന്നും ജയരാജൻ പരിഹസിച്ചു.