ഐഎസ്എല്ലിന് വേദിയാകാന്‍ കൊച്ചി; ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനം ആരംഭിക്കും

single-img
6 April 2022

ഐഎസ്എല്ലിന് വേദിയാകാന്‍ വീണ്ടും കൊച്ചി ഒരുങ്ങുന്നു. ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇത്തവണ ഉദ്ഘാടന മത്സരം തന്നെ നടക്കുവാനുമുള്ള സാധ്യതയേറെയാണ്. ഈ വർഷം ഒക്ടോബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ നീളുന്ന സീസണില്‍ കേരള ബ്ലസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയില്‍ 10 മത്സരങ്ങള്‍ നടക്കും.

ഓഗസ്റ്റ് മാസത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയില്‍ വന്ന് പരിശീലനം ആരംഭിക്കും. ഇതിന്റെ ആദ്യ ഘട്ടമായി കൊച്ചി ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള, കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് എന്നിവര്‍ ജിസിഡിഎയിലെയും കേരള ബ്ലാസ്റ്റേഴ്‌സിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. ടീമിന്റെ കൊച്ചിയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജിസിഡിഎ സഹായവും സഹകരണവും തുടര്‍ന്നും നല്‍കാനും ചര്‍ച്ചയില്‍ ധാരണയായി.