റഷ്യന്‍ ആക്രമണത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തില്‍ തീപിടുത്തം

single-img
4 March 2022

റഷ്യന്‍ ആക്രമണം ഉണ്ടായ പിന്നാലെ ഉക്രൈന്‍ ആണവനിലയത്തില്‍ തീപിടുത്തം. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമായ സപ്പോരിഷ്യ ആണവനിലയത്തില്‍ റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിന്റെ ഫലമായി തീപിടിത്തമുണ്ടായതായി പ്ലാന്റിന്റെ ടെലിഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉക്രൈന്‍ വക്താവ് ആന്ദ്രേ തുസ് അറിയിക്കുകയായിരുന്നു.

റഷ്യ എപ്പോൾ എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും, നിലവിൽ വെടിനിര്‍ത്തലിലേക്കുള്ള ഒരു നീക്കവും കാണുന്നില്ലെന്നും ഉക്രൈയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങളോട് തങ്ങൾക്കുള്ള സൈനിക സഹായം വര്‍ധിപ്പിക്കണമെന്നും വിമാനങ്ങള്‍ നല്‍കണമെന്നും സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. അതേസമയം, റഷ്യൻ പ്ലാന്റിന്റെ പവര്‍ യൂണിറ്റ് തകര്‍ന്നിട്ടുണ്ട്. അപകടസ്ഥിതി കണക്കിലെടുത്ത് യുദ്ധം ഉടന്‍ നിര്‍ത്തണമെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ആവശ്യപ്പെട്ടു.

‘യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമായ സപ്പോരിഷ്യക്ക് നേരെ റഷ്യന്‍ സൈന്യം എല്ലാ ഭാഗത്തുനിന്നും വെടിയുതിര്‍ത്തു. ഇപ്പോൾ അവിടെ അഗ്നിബാധ തുടങ്ങിയിട്ടുണ്ട്,’ പ്ലാന്റ് പൊട്ടിത്തെറിച്ചാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ആണവ ദുരന്തത്തെ പറ്റി മുന്നറിയിപ്പ് നല്‍കി അദ്ദേഹം ട്വീറ്റ് ചെയ്തു.