ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്; മറ്റാരോ തന്നെ നിയന്ത്രിക്കുന്നു; അജിത് ഡോവലിന്റെ വീട്ടിലേക്ക് വാഹനം ഓടിച്ചു കയറ്റിയ യുവാവ് പിടിയില്‍

single-img
16 February 2022

ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ വീട്ടിലേക്ക് ഇന്ന് രാവിലെ 7.30ന് വാഹനം ഓടിച്ചു കയറ്റിയ യുവാവ് പടിയില്‍. കര്‍ണാടകയിലെ ശന്തനു റെഡ്ഡി ആണ് പിടിയിലായത്. ഈ സംഭവം നടക്കുമ്പോള്‍ അജിത് ഡോവല്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ക്ക് മാനസികവിഭ്രാന്തിയുള്ളതായി കണ്ടെത്തി.

ഇന്ന് രാവിലെ യുവാവ് കാറില്‍ ഡോവലിന്റെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തന്റെ ശരീരത്തില്‍ ആരോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും മറ്റാരോ ആണ് തന്നെ നിയന്ത്രിക്കുന്നതെന്നുമുള്ള വിചിത്ര വാദമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

വാടകയായി എടുത്തിരുന്ന കാറാണ് ഇയാള്‍ ഓടിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇസഡ് പ്ലസ് സുരക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഡോവലിന്റെ വീട്ടില്‍ നടന്ന ഈ സംഭവത്തെ ഡല്‍ഹി പൊലീസ് ഗൗരവമായാണ് കാണുന്നത്.