കോൺഗ്രസിൽ നിന്ന് മറ്റൊരു മുഖം നിങ്ങൾക്ക് കാണാൻ സാധിക്കുന്നുണ്ടോ; യുപിയിലെ മുഖ്യമന്ത്രി സ്ഥാനാർഥി താൻ തന്നെ എന്ന സൂചന നൽകി പ്രിയങ്ക

single-img
21 January 2022

യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോൺഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥി താൻ തന്നെ എന്ന സൂചന നൽകി എ ഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോൺഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാകുമെന്ന ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനാണ് പരോക്ഷമായ മറുപടി പ്രിയങ്ക നടത്തിയത്.

യുപിയിലെ കോൺഗ്രസിൽ നിന്ന് മറ്റൊരു മുഖം നിങ്ങൾക്ക് കാണാൻ സാധിക്കുന്നുണ്ടോ എന്ന് ചോദിച്ച പ്രിയങ്ക, പക്ഷെ തൻ്റെ മുഖം എല്ലായിടത്തും കാണാനാകുമെന്നും പറഞ്ഞു. സംസ്ഥാനത്തെ യുവാക്കളുടെ വോട്ടുകൾ ലക്ഷ്യമിട്ട് പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിൽ വെച്ചാണ് പ്രിയങ്ക ഇക്കാര്യത്തിൽ നിലപാട് പരസ്യപ്പെടുത്തിയത്.

യുപി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ ഉണ്ടാക്കാൻ ആർക്കെങ്കിലും പിന്തുണ നൽകണമെങ്കിൽ ഉപാധി മുന്നോട്ടുവെക്കും.ഈ കാര്യത്തിൽ പ്രത്യേക ചർച്ച നടത്തും. യുവാക്കളുടെയും സ്ത്രീകളുടെയും കാഴ്ചപ്പാടുകൾക്ക് മുൻഗണന നൽകുന്ന സർക്കാരാകും യുപിയിലേത്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. മത്സരിക്കുന്ന കാര്യം തീരുമാനിച്ചാലുടൻ വ്യക്തമാകുമെന്നും അവർ പറഞ്ഞു.