വാണിജ്യ സ്ഥാപന ജോലിക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റില്ലെങ്കിൽ പിഴചുമത്താൻ സൗദി

single-img
12 January 2022

സൗദി അറേബിയയിലെ വാണിജ്യ സ്ഥാപന ജോലിക്കാർക്കുണ്ടാകണമെന്ന് മുനിസിപ്പൽ മന്ത്രാലയം ഉത്തരവിട്ട ബലദിയ്യ കാർഡ് അഥവാ ആരോഗ്യ സർട്ടിഫിക്കറ്റില്ലെങ്കിൽ പിഴ ചുമത്തും. നിയമം പാലിക്കാത്ത തൊഴിലാളിക്ക് രണ്ടായിരം റിയാൽ വീതമാണ് പിഴ ഈടാക്കുക.

പുതിയ നിയമം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി മുനിസിപ്പൽ കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യമാകെ കോവിഡും അനുബന്ധ പകർച്ച വ്യാധികളും വ്യാപിക്കുന്ന സാഹചര്യത്തിലാണ് നിബന്ധന കർശനമാക്കിയത്.

നിയമപ്രകാരം അനുവദനിയമായ കാലവധിയോട് കൂടിയ ബലദിയ്യ കാർഡ് കൈവശമില്ലാത്ത ജീവനക്കാർക്ക് രണ്ടായിരം റിയാൽ വീതമാണ് പിഴ ചുമത്തുക. അതേസമയം, നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ഇരട്ടിയാക്കും. ബ്യൂട്ടി പാർലറുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നിർദ്ദേശിച്ച പ്രത്യേക നിബന്ധനകളും ഇതോടനുബന്ധിച്ച് നിലവിൽ വരും.

നിയമം ശരിയായി നടപ്പാക്കിയെന്ന് ഉറപ്പ് വരുത്തുന്നതിന് പ്രത്യേക പരിശോധനകളും സംഘടിപ്പിക്കും.