അനാവശ്യ യാത്രകള്‍ ഒഴിവാക്കി ജാഗ്രതയോടെ മുന്നോട്ട് പോകണം: മന്ത്രി വീണാ ജോർജ്

single-img
11 January 2022

കേരളത്തിൽ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇപ്പോൾ എല്ലാ ജില്ലകളിലും പുതിയ രോഗബാധിതര്‍ കൂടുന്നുണ്ട്. പ്രത്യേകിച്ചും തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ്. കോവിഡ് വ്യാപനം മുന്നില്‍കണ്ട് ആരോഗ്യവകുപ്പ് വേണ്ട തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 20 മുതല്‍ 40 വയസ് വരെ പ്രായമുള്ളവരാണ് അസുഖബാധിതരില്‍ കൂടുതലും.

ഇതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും കേസുകള്‍ വര്‍ധിക്കുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയുള്ള ആള്‍കൂട്ടങ്ങള്‍ ആശങ്കയുണ്ടാക്കുന്നു. പ്രസ്തുത സാഹചര്യത്തില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കി ജാഗ്രതയോടെ മുന്നോട്ട് പോകണംമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വൈറസ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാന തലത്തില്‍ 13 കമ്മിറ്റികള്‍ രൂപീകരിക്കും. 413.63 മെട്രിക്ക് ടണ്‍ ഓക്സിജനാണ് സംസ്ഥാനത്ത് നിലവില്‍ ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങളനുസരിച്ചായിരിക്കും കോവിഡ് പരിശോധനകള്‍. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ ജീവിതശൈലി രോഗകള്‍ക്കുള്ള മരുന്നുകള്‍ വീടുകളിലെത്തിച്ച് നല്‍കും. അതിനായി ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്തേണ്ടതില്ല. സമ്പര്‍ക്കം വഴിയുള്ള കേസുകളാണ് ഉയരുന്നത്. പ്രത്യേകിച്ചും ചെറുപ്പക്കാരില്‍. ആദ്യ ഡോസ് വാക്സിനേഷന്‍ 99 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 82 ശതമാനവുമായതായും വീണാ ജോര്‍ജ് വ്യക്തമാക്കി